District News
പേരൂര്‍ക്കട: വലിയശാലയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടടുത്ത് തെരുവുനായയുടെ ആക്രമണം. കാവല്ലൂര്‍ ക്ഷേത്രത്തിനു സമീപത്തുനിന്ന മൂന്നുപേര്‍ക്കു നായയുടെ കടിയേറ്റു. മൂവരും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഒരാള്‍ ഗുരുതരാവസ്ഥയില്‍. കടിയേറ്റവരില്‍ ഒരാള്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ വന്നയാളും മറ്റുള്ളവര്‍ ക്ഷേത്രപരിസരത്തു നിന്നവരുമാണ്. വലിയശാല സ്വദേശികളായ മധു (65), വേണുഗോപാല്‍ (32), വിപിന്‍ (22) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
മധുവിന്റെ ഇതുകൈയിലെ മാംസം നായ കടിച്ചെടുത്തു. കൈയില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വേണുഗോപാലിന്റെയും വിപിന്റെയും കൈകള്‍ക്കും കാലുകള്‍ക്കും കടിയേറ്റിട്ടുണ്ട്. നായ പാഞ്ഞുവരുന്നതു കണ്ട് ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കടിയേറ്റശേഷം ഇവര്‍ അലറിക്കൊണ്ട് ഓടുന്നതിനിടെ സമീപവാസികള്‍ എത്തുകയും നായയെ ഓടിച്ചിട്ട് തല്ലിക്കൊല്ലുകയുമായിരുന്നു.
നായയ്ക്ക് പേവിഷബാധയുണ്ടെന്നാണ് സംശയിക്കുന്നത്. പരിസരത്തുണ്ടായിരുന്ന പത്തോളം തെരുവുനായ്ക്കളെ നായ കടിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. വലിയശാല വാര്‍ഡില്‍ വ്യാപകമായി തെരുവുനായ്ക്കളുടെ ശല്യമുണ്ടെന്നും തിരുവനന്തപുരം നഗരസഭ അടിയന്തരമായി ഇതിനൊരു പരിഹാരം കാണണമെന്നും മുന്‍ വലിയശാല വാര്‍ഡ് കൗണ്‍സിലര്‍ എസ്. കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
നായ ആക്രമിച്ചു; കണ്ണിനു ഗുരുതര പരിക്കേറ്റ വയോധികൻ ചികിത്സയില്‍
പേരൂര്‍ക്കട: നായ കടിക്കാനോടിച്ച വയോധികന് വീണു പരിക്കേറ്റു. വീഴ്ചയ് ക്കിടെ നായ കണ്ണിലും ചുണ്ടിലും കൈയിലും കടിച്ചു പരിക്കേല്‍പ്പിച്ചു. കണ്ണിനു ഗുരുതരമായി പരിക്കേറ്റയാള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. വട്ടിയൂര്‍ക്കാവ് വേട്ടമുക്ക് കട്ടച്ചല്‍ റോഡ് കെആര്‍ഡബ്ല്യുഎ 192-ല്‍ താമസിച്ചുവരുന്ന ചന്ദ്രനാണ് (69) ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. വീടിന്റെ ഗേറ്റ് കടന്നു റോഡിലേക്കിറങ്ങുമ്പോഴായിരുന്നു നായ്ക്കൂട്ടം ചന്ദ്രനെ കടിക്കാന്‍ ഓടിച്ചത്.
ഓടുന്നതിനിടെ വീണ ചന്ദ്രനെ ഒരു നായ ശരീരമാസകലം കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവരാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചുനാള്‍ മുമ്പ് പ്രദേശത്തെ റസി. അസോസിയേഷൻ ഭാരവാഹിയായ രാജലക്ഷ്മിയെ നായ കടിച്ചുപരിക്കേല്‍പ്പിച്ചിരുന്നു. കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് എന്‍സിസി ഓഫീസില്‍ ജോലിയുള്ള രണ്ടുപേരെ നായ്ക്കള്‍ കടിക്കാനോടിക്കുകയുണ്ടായി. നായ്ക്കള്‍ക്കു സ്ഥിരമായി ഭക്ഷണം നല്കുന്ന പ്രദേശത്തെ ഒരു വീട്ടുകാരാണ് നായ്ക്കള്‍ തമ്പടിക്കുന്നതിനു കാരണക്കാരെന്നു പ്രദേശവാസികള്‍ ആരോപിക്കുന്നു. കണ്ണിനു ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്റെ കാഴ്ച ശക്തി തിരികെ ലഭിക്കുമോയെന്നു വ്യക്തമായിട്ടില്ല.
ചന്ദ്രന്റെ ചികിത്സ തിരുവനന്തപുരം നഗരസഭ ഏറ്റെടുക്കണമെന്നും നായ്ക്കളെ പ്രദേശത്തുനിന്നു നീക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
District News
തിരുവനന്തപുരം: വിദ്യാർഥികൾ പരിസ്ഥിതിയുടെ കാവലാളാകണമെന്ന് കവയിത്രിയും ഡപ്യൂട്ടി കളക്ടറുമായ കബനി അഭിപ്രായപ്പെട്ടു. നാഷണൽ സർവീസ് സ് കീമിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അവർ.
പരിസ്ഥിതി സംരക്ഷണം ഏറ്റെടുക്കേണ്ടതിന്റെ മൈക്രാ ലെവൽ വീടും വിദ്യാലയങ്ങളുമാണ്. ശുചിത്വ ബോധമുള്ള തലമുറയുടെ സൃഷ്ടിയുടെ അടിസ്ഥാനവും വിദ്യാലയങ്ങളാണെന്നും അവർ ചൂണ്ടിക്കാട്ടി.
വാർഡ് കൗൺസിലർ വി.എസ്. ത്രേസ്യാമ്മ അധ്യക്ഷത വഹിച്ചു. ബർസാർ ഫാ. നിതീഷ്, വൈസ് പ്രിൻസിപ്പൽ ആർ.സി. അജീഷ് കുമാർ, പിടിഎ പ്രസിഡന്റ് ഡോ. ഏയ്ജലോ മാത്യു, ഡോ. ജിബു തോമസ്, പ്രോഗ്രാം കൺവീനർ അജുമോൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
20 അടി വലുപ്പത്തിൽ നിർമിച്ച കാൻവാസിൽ അതിഥികളും വിദ്യാർഥികളും ചിത്രംവരച്ച് ഐക്യദാർഡ്യം പ്രകടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ നടന്ന സീഡ് നിർമാണം വേറിട്ട അനുഭവമായി. വിവിധ സേന വിഭാഗങ്ങളുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു.
District News
വിഴിഞ്ഞം : സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരുമ്പോൾ ട്രോളറുകളില്ലാത്ത വിഴിഞ്ഞത്തെ പരമ്പരാഗത മത്സ്യ ത്തൊഴിലാളികളുടെ മത്സ്യബന്ധന സീസണും തുടക്കമാകും.
കടലമ്മ കനിഞ്ഞു നൽകുന്ന ചാകരക്കാലം പ്രതീക്ഷിച്ച് തിരുവനന്തപുരം, കന്യാകുമാരി ജില്ലയുടെ വിവിധ തീരങ്ങളിൽ നിന്നുള്ള നൂറുകണക്കിനു വള്ളങ്ങളും തൊഴിലാളികളും വിഴിഞ്ഞത്ത് തമ്പടിച്ച് കഴിഞ്ഞു. മൺസൂൺ കാലത്ത് കലങ്ങിമറിയുന്ന കടലിന്റെ അടിതട്ടിൽനിന്ന് ഓളപ്പരപ്പിൽ പൊങ്ങിവരുന്ന ടൺ കണക്കിനു മീനുകൾ അടുത്ത ദിവസം മുതൽ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ചന്തകളിലെത്തും. കൂടാതെ ശുദ്ധമായ മീൻ വാങ്ങാമെന്നു കരുതി നാടിന്റെ നാനാദിക്കിൽനിന്നെത്തുന്ന ആളുകളെയും ലേലക്കാരെയും മീൻപിടിത്തക്കാരെയും അനുബന്ധ തൊഴിലാളികളെയുംകൊണ്ട് വരുംദിവസങ്ങളിൽ വിഴിഞ്ഞം തുറമുഖം തിരക്കിലമരും.
ഇവർക്കാവശ്യമായ കുടിവെള്ളം, ശുചിമുറി എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങൾ, തുറമുഖത്തു വെളിച്ചം പകരുന്നതിനുള്ള ലൈറ്റ് സ്ഥാപിക്കൽ ഉൾപ്പെടെയുള്ളവ ഒരുക്കുന്നതിനുള്ള തിരക്കിലാണ് അധികൃതർ.
അറ്റകുറ്റപ്പണികൾ കഴിഞ്ഞ് കടലിൽ ഇറക്കിയ മറൈൻ ആംബുലൻസിനുപരി രണ്ടു വാടക ബോട്ടുകളും രണ്ടു വാടക വള്ളങ്ങളും മറൈൻ എൻഫോഴ്സിന്റെ രംഗത്തുണ്ടാകും. കൂടാതെ തീരദേശ പോലീസും തീരസംരക്ഷണ സേനയും കടൽ സുരക്ഷക്കായി നാളെ മുതൽ ജാഗ്രതയിലായിരിക്കും. നൂറു കണക്കിനു പോലീസുകാരും വിഴിഞ്ഞത്തിനു സുരക്ഷയൊരുക്കും.
ഏതു കാലാവസ്ഥയിലും വള്ളമിറക്കാമെന്ന പ്രതീക്ഷയുമായി ഇവിടെ എത്തുന്നവരെ കടലമ്മ ചതിക്കാറുമില്ല. രാവും പകലുമായി 24 മണിക്കുറിലായി കോടിക്കണക്കിനു രൂപയുടെ മീൻ ദിനംപ്രതി തീരത്തണയുന്ന മാസങ്ങളാണ് വരാനിരിക്കുന്നത്. നാളെ അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രിവരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. കേരള തീരത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുകയും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുകയും ചെയ്യുന്നതിനായാണ് ട്രോളിം ഗ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു.
തീരക്കടലിൽ പരമ്പ രാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിനു തടസ മുണ്ടാകില്ല. തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങളിലെ തൊഴി ലാളികൾക്കു സൗജന്യ റേഷൻ നൽകുന്നതിന് നടപട
District News
വെഞ്ഞാറമൂട് : ക്ലാസിക്കൽ നൃത്തം മുതൽ മോഡലിംഗിലും ഒന്നാം സ്ഥാനത്താണ് അൽ ഹംദ എന്ന ആറു വയസുകാരി. ഈ വർഷം ഒന്നാം ക്ലാസിൽ പഠനം തുടങ്ങിയ ഈ കുഞ്ഞു മകൾ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചു ഒന്നാം സ്ഥാനം നേടി വെഞ്ഞാറമൂടുകാർക്ക് അഭിമാനമായിരിക്കുകയാണ്.
നാലു വയസു മുതൽ നൃത്ത പരിശീലനം ആരംഭിച്ച അൽ ഹംദ വിവിധ മത്സര വേദികളിൽ തന്റെ പ്രകടനം കാഴ്ചവച്ചു സമ്മാനം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഹരിദ്വാറിൽ നടന്ന ലിറ്റിൽ മിസ് ഗ്ലോബൽ യൂണിവേഴ്സൽ ഇന്ത്യ 2026 മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു അൽ ഹംദ മിസ് ഗ്ലോബൽ യൂണിവേഴ്സൽ ഇന്ത്യ കിരീടം നേടിയത്.
കൂടാതെ ഈ വർഷം തന്നെ കൊച്ചിയിൽ നടന്ന "സ്റ്റൈൽ ഐക്കോൺ ഓഫ് കേരളാ' 2026 ലും അൽ ഹംദ വിജയിച്ചിരുന്നു.
കൊല്ലത്ത് നടന്ന "വോഗ് മിനീസ് 2026', ചെന്നൈയിൽ നടന്ന ഐ ക്യു ഇന്റർനാഷണൽ അക്കാദമിക് അവതരിപ്പിച്ച 2026 ഡാൻസ് മത്സരത്തിൽ സബ് ജൂണിയർ വിജയി ആവുകയും ചെയ്തിരുന്നു. ജൂണിയർ വിഭാഗത്തിൽ കൂടാതെ എസ്ഡിഎൻ വേൾഡ് ബുക്ക് ഓഫ് റിക്കാർഡ് അവാർഡും ഈ കൊച്ചു മിടുക്കി നേടി.
മോഡൽ കോച്ചായ അൻഷാദ് അസീസ്, ഗ്രൂമർ കൊറിയോഗ്രാഫർ തൻവിൻ താജ് എന്നിവരുടെ ശിക്ഷണത്തിലാണ് വിജയങ്ങൾ നേടിയത്. നൃത്തത്തിൽ ഡാൻസ് മാസ്റ്റർമാരായ അഖിൽ, അഭിജിത്, ദേവു എന്നിവരുടെ പിന്തുണയും കൂടിയുണ്ട് ഈ കുഞ്ഞു കലാകാരിക്ക്. വെഞ്ഞാറമൂട് മൈലക്കലീൽ അജി- റജീന ബീവി ദമ്പതികളുടെ മകളാണ് അൽഹംദ. അഹമ്മദ്,അലിഫ് എന്നിവർ സഹോദരൻമാരാണ്.
ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ അൽ ഹംദ ക്ലാസിക്കൽ ഡാൻസും സിനിമാറ്റിക് ഡാൻസും നൃത്തച്ചുവടുകൾവച്ച് ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
District News
നെയ്യാറ്റിൻകര : പ്രകൃതിയോടു കൂട്ടുകൂടാനും വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്കാരം പ്രോത്സാഹിപ്പിക്കാനും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി മാരായമുട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍. ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വളപ്പില്‍ ആകര്‍ഷകമായ പച്ചക്കറിത്തോട്ടമുണ്ട്. ചീര. വെണ്ട, പയര്‍ മുതലായ പച്ചക്കറിയിനങ്ങള്‍ സ്കൂളില്‍ കൃഷി ചെയ്യുന്നുവെന്ന് മാത്രമല്ല, ഉച്ചഭക്ഷണത്തിനുള്ള കറികളില്‍ അവ ഉപയോഗിക്കുകയും ചെയ്യുന്നു.
കൃഷിത്തോട്ടത്തിന്റെ പരിപാലനം വിദ്യാര്‍ഥികളുടെ ചുമതലയാണ്. സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുത്തയിടത്ത് തദ്ദേശവാസികള്‍ക്കായി കൂണ്‍ക്കൃഷി പരിശീലനം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ് കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തി. ചങ്ങാതിക്കൊരു മരം, വൃക്ഷമുത്തശ്ശിയെ ആദരിക്കൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, വൃക്ഷത്തൈ നടീൽ, പ്ലക്കാർഡ് നിർമാണം എന്നീ പരിപാടികള്‍ നടന്നു. സ്കൂള്‍ വളപ്പില്‍ പഴക്കമുള്ള മാവ് ഉള്‍പ്പെടെ നിരവധി തണല്വൃക്ഷങ്ങളുണ്ടെന്നത് മറ്റൊരു സവിശേഷത.
മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സജികുമാർ, പ്രിൻസിപ്പൽ ബിന്ദുറാണി, ഹെഡ്മിസ്ട്രസ് ഷിസി എന്നിവർ പരിസ്ഥിതിദിന പരിപാടികളിൽ പങ്കെടുത്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ നവാഗതരായ അഞ്ചാം ക്ലാസുകാര്‍ക്കായി ഫലവൃക്ഷത്തൈകള്‍ സമ്മാനമായി നല്കി. തൈകള്‍ വിദ്യാര്‍ഥികള്‍ വീടുകളില്‍ നടും. പ്രകൃതിയിലെ പച്ചപ്പ് നിലനിര്‍ത്താനുള്ള ഹൃദയാഭിമുഖ്യം വിദ്യാര്‍ഥികളില്‍ വളര്‍ത്താനുള്ള വിവിധ പരിപാടികള്‍ പുതിയ അധ്യയന വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ അറിയിച്ചു.
District News
നേമം: പതിനെട്ടുകാരന്റെ മരണത്തില്‍ പള്ളിച്ചലില്‍ മൂന്നുപേര്‍ പോലീസ് പിടിയില്‍. മുന്‍വൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു. ഒന്നര വര്‍ഷം മുമ്പു നടന്ന ഫുട്ബോള്‍ കളിക്കിടെയുണ്ടായ പ്രശ്നങ്ങളാണ് അക്രമണത്തിന് കാരണമായത്. പള്ളിച്ചല്‍ പാരൂര്‍ക്കുഴി പഴയറോഡ് ലക്ഷ് മി വീട്ടില്‍ കാര്ത്തികേയന് (21), പള്ളിച്ചല്‍ പുന്നമൂട് ചെമ്മണ് ഗാര്‍ഡന്‍സ് ആന്‍സില്‍ നിവാസില്‍ അജിത്ത് (20), പള്ളിച്ചല്‍ ഭഗവതിനട എണ്ണശ്ശേരിവിളാകം അത്തം വീട്ടില്‍ ആരോമല്‍ (21) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ് തത്. രണ്ടുപേരെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതില്‍ ഓരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. അയണിമൂട് വൈകുണ്ഠത്തില്‍ അനില്‍കുമാർ-ചിത്ര ദന്പതി കളുടെ മകൻ ശിവസൂര്യയാണു മരിച്ചത്.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ പള്ളിച്ചല്‍ ഭഗവതിനടയിലെ ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാന്‍പോയ ശിവസൂര്യയും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് കൈയേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. അടിപിടിക്കിടെ റോഡരികിലെ തുണിക്കടയിലെ ഗ്ലാസ് ഡോറിലേക്ക് മറിഞ്ഞുവീണ ശിവസൂര്യയുടെ ശരീരത്തിലേക്ക് ഗ്ലാസ് തുളച്ചുകയറുകയായിരുന്നു.
പള്ളിച്ചല്‍ വെടിവച്ചാന്‍ കോവില്‍ പുന്നമൂട് റോഡില്‍ പുന്നമൂട് സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ മുന്നിലായിരുന്നു വാക്കേറ്റം. ഗുരുതരമായി പരിക്കേറ്റു രക്തംവാര്‍ന്ന് അവശനിലയിലായ ശിവസൂര്യയെ പ്രതികളായ അജിത്തും കാര്‍ത്തികേയനും കൂടിയാണ് ബൈ ക്കിലിരുത്തി ആശുപത്രിയിലെത്തിച്ചത്. ഇവരെ ആശുപത്രിയില്‍നിന്നും പോലീസ് സംഭവദിവസം തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കും.
District News
തിരുവനന്തപുരം: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരനും തിരക്കഥാകൃത്തും ജ്ഞാനപീഠം ജേതാവുമായ എം.ടി. വാസുദേവന്‍ നായരുടെ സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി 5.5 ലക്ഷം രൂപയുടെ പുരസ്കാരവുമായി ആള് കേരള കോളജസ് അലുമിനി ഫോറം (എകെസിഎഎഫ്). ഇതിനായി എകെസിഎഎഫ് ലിറ്റററി ആന്‍ഡ് കള്‍ചറല്‍ ഫൗണ്ടേഷന് രൂപീകരിച്ചതായി എകെസിഎഎഫ് ഇവന്റ്സ് യുഎഇ ചീഫ് പേട്രണും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനുമായ ഡോ. ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അറിയിച്ചു. ദുബായിലും തിരുവനന്തപുരത്തും ആസ്ഥാനങ്ങളുള്ള ഈ ഫൗണ്ടേഷന് എംടിയുടെ സ്മരണ നിലനിര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്.
ഫൗണ്ടേഷന്റെ പ്രധാന പദ്ധതിയായാണ് എംടി-എകെസിഎഎഫ് ലൈഫ് ടൈം എക്സലന്‍സ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. സാഹിത്യം, സിനിമ, മാധ്യമപ്രവര്‍ത്തനം, കല, സംസ്കാരം എന്നീ മേഖലകളില്‍ അസാധാരണ സംഭാവനകള്‍ നല്കിയ വ്യക്തികളെ ആദരിക്കുന്നതിനുള്ള ഈ പുരസ്കാരത്തിന് 5.5 ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും പ്രത്യേകമായി രൂപകല്പന ചെയ്ത ശില്പവും സമ്മാനമായി നല്‍കും. ആദ്യവര്‍ഷത്തില്‍ മലയാള സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം നല്‍കുന്നത്.
മലയാള സാഹിത്യ, സാംസ്കാരിക രംഗത്തെ ഏറ്റവും ഉയര്‍ന്ന തുകയുള്ള പുരസ്കാരങ്ങളില് ഒന്നായി ഇതു മാറുമെന്നും ഇന്ത്യന്‍ പ്രാദേശിക സാഹിത്യസാംസ്കാരിക മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ അംഗീകാരങ്ങളിലൊന്നായിരിക്കും ഇതെന്നും ഡോ. ഐസക് ജോണ്‍ പറഞ്ഞു. ജനപങ്കാളിത്തവും പ്രഫഷണല്‍ മികവും ഒരുപോലെ ഉറപ്പാക്കുന്ന മൂന്നു ഘട്ടങ്ങളുള്ള രീതിയിലായിരിക്കും പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുക.
സാഹിത്യം, സിനിമ, കല എന്നിവയുമായി ദീര്‍ഘകാല ബന്ധം സൃഷ്ടിക്കുന്ന നിരവധി പദ്ധതികള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുമെന്നും ഡോ. ഐസക് അറിയിച്ചു. എകെസിഎഎഫ് ഇവന്റ്സ് യുഎഇ ട്രഷററും വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റിജിയണ്‍ ട്രഷററുമായ ജൂഡിന് ഫെര്‍ണാണ്ടസ്, എകെസിഎഎഫ് ലിറ്റററി ക്ലബ് കോ-ഓര്‍ഡിനേറ്ററും വേള്‍ഡ് മലയാളി കൗണ്‍സില്‍ അജ്മാന് പ്രോവിന്‍സ് പ്രസിഡന്റുമായ അജിത് കണ്ടല്ലൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
District News
നേമം: സൈനികമോഹം ബാക്കിയാക്കി ശിവസൂര്യ ജീവിതത്തില്‍ നിന്നും മടങ്ങി. പള്ളിച്ചല്‍ പുന്നമൂട് റോഡില്‍വച്ചാണ് ഒരു സംഘം ശിവസൂര്യയെ മര്‍ദിച്ചത്. ഇതിനിടെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന തുണിക്കടയുടെ ഗ്ലാസ് പൊട്ടി ചില്ല് ശിവസൂര്യയുടെ ശരീരത്തില്‍ തുളച്ചുകയറി പരി ക്കേൽകുകയായിരുന്നു.
പുന്നമൂട് സ്കൂളിൽ വിവിധ ഇനം കായിക മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളായിരുന്നു ശിവസൂര്യയ്ക്ക്. ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വൈകുന്നേരം മൂന്നോടെയാണ് പള്ളിച്ചലിലെ വൈകുണ്ഠം വീട്ടിലെത്തിച്ചത്. ശിവസൂര്യയെ അവസാനമായി ഒരു നോക്ക് കാണാന്‍ നാട്ടുകാരും ബന്ധുക്കളും കൂട്ടുകാരും അധ്യാപകരും നിറകണ്ണുകളോടെയാണ് എത്തിയത്.
ഇക്കഴിഞ്ഞ വര്‍ഷമാണ് പുന്നമൂട് സ്കൂളില്‍നിന്നും പ്ലസ്ടു കഴിഞ്ഞ് ശിവസൂര്യ ഇറങ്ങിയത്. കായിക മത്സരങ്ങളില്‍ പങ്കെടുത്തു ജില്ലയില്‍ തന്നെ നിരവധി സമ്മാനങ്ങള്‍ ശിവസൂര്യ നേടിയിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് നാട്ടുകാരില്‍ പലരും ശിവസൂര്യയുടെ വിയോഗ വാര്‍ത്തയറിയുന്നത്.
ശിവസൂര്യയുടെ സഹോദരന് ശിവകൃഷ്ണന്‍ തൃശൂരിലെ ഒരു സ്ഥാപനത്തില്‍ അഭിനയം പഠിക്കുകയാണ്. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം കാട്ടാക്കടയിലെ കുടുംബ വീട്ടില്‍ സംസ്കരിച്ചു.
District News
നാലാഞ്ചിറ സർവോദയ വിദ്യാലയത്തിൽ
തിരുവനന്തപുരം: നാലാഞ്ചിറ സർവോദയ വിദ്യാലയത്തിൽ ലോകപരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആരംഭിച്ചത്.
മുഖ്യാതിഥിയായ തിരുവനന്തപുരം സബ് കളക്ടർ ഒ.വി. ആൽഫ്രഡ്, പ്രിൻസിപ്പൽ ജോണ്‍ കുര്യൻ, ബർസാർ ഫാ. ഏബ്രഹാം ഊഴത്തിൽ, വൈസ് പ്രിൻസിപ്പൽ ടെറിൻ ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തിരുവനന്തപുരം സബ് കളക്ടർ ആമുഖപ്രഭാഷണം നടത്തി. സ്കൂൾ കാന്പസിൽ ഒരു വൃക്ഷത്തൈ നടീൽ കാന്പയിൻ സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും തൈകൾ നടുകയും അവയെ പരിപാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
പെരിങ്കടവിള ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍
വെള്ളറട: പെരിങ്കടവിള പഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഫലവൃക്ഷത്തൈ നട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ മണലുവിള തൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന, ഷീബ മധു, പ്രേംജിത്ത് കൃഷി ഓഫീസര്‍ അദ്രിക, കൃഷി ഓഫീസ് ജീവനക്കാരായ സനില്‍, സൗമ്യ, റാണി, ധന്യ, ബഡ്സ് ടീച്ചര്‍ സിമി, ബ്ലോക്ക് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിസ്റ്റ് കാര്ത്തികേയന്,വിദ്യാര്‍ഥികള്‍, ബഡ്സ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു .
ധീരജവാൻ പ്രേംജിത് ഗ്രന്ഥശാല
നെടുമങ്ങാട് : പറണ്ടോട് ധീരജവാൻ പ്രേംജിത് സ്മാരക റസിഡൻസ് അസോസിയേഷന്റേയും ധീരജവാൻ പ്രേംജിത് ഗ്രന്ഥശാല ആൻഡ് വായനശാലയുടെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കിളിയന്നൂർ ബാലവാടിയിൽ ഞാവൽതൈ നട്ടു. കണ്ടമത്ത് ഭാസ്ക്കരൻ നായരുടെ അധ്യക്ഷതയിൽ കുടിയ യോഗം തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി.അഭിലാഷ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷാ സജികുമാർ , റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ശ്രീജിത് ഭുവൻ , എം പീതാംബരൻ നായർ , എസ് വിജയകുമാരി , വി ഉഷാകുമാരി , മണികണ്ഠൻ നായർ തുടങ്ങിയവർ സംസാരിച്ചു.
അന്പിലിക്കോണം മാർ ഈവാനിയോസിൽ
തിരുവനന്തപുരം: അമ്പിലിക്കോണം മാർ ഈവാനിയോസ് ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം പിടിഎ പ്രസിഡന്റ് രാജേഷ് ഉദ്ഘാടനം ചെയ്തു. കാരോട് പഞ്ചായത്ത് കൃഷി ഓഫീസർ രാജേഷ്, സിസ്റ്റർ ജസീന്ത എസ്ഐസി, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഇവാനാ എസ്ഐ സി എന്നിവർ പങ്കെടുത്തു.
ഡോ. ജിആർ പബ്ലിക് സ്കൂളിൽ
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡോ. ജി.ആർ. പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം നിംസ് മെഡിസിറ്റി ക്വാളിറ്റി മാനേജർ ഡോ.ശോഭ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജിംഗ് ട്രസ്റ്റി അഡ്വ.ആർ.എസ്.ഹരികുമാർ അനുമോദന പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സുബി ഗ്ലാഡ്സൺ അധ്യക്ഷത വഹിച്ചു.
തെക്കന്‍ കുരിശുമലയില്‍
വെള്ളറട : പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. സംഗമ വേദിയില്‍ ഡയറക്ടര്‍ മോണ്‍.ഡോ. വിന്‍സന്റ് കെ.പീറ്റര്‍ അത്തിമര വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു. തെക്കന്‍ കുരിശുമല 7 ാംമത് തീര്‍ഥാടന ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി സഹ്യനൊരു തണല്‍ പദ്ധതിയുമായി ബന്ധപ്പെടുത്തി ജൂണ്‍ മാസം സംഗമ വേദിയിലും തെക്കന്‍ കുരിശുമല നെറുകയിലുമായി ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ക്ലാസും പരിസ്ഥിതിസംരക്ഷണ പ്രതിഞ്ജയും നടന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. അരുണ്‍ പി. ജിത്ത്, ആനപ്പാറ ബഥനി കോണ്‍വന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ റീനാ തോമസ്, സിസ്റ്റര്‍ ജമ്മ, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി.രാജേന്ദ്രന്, ഹെച്ച് .ഷൈന്‍കുമാര്‍ , അനീഷ് നെല്ലിശ്ശേരി, എസ്.ജയന്തി. ക്രിസ്തുദാസ് എന്നിവര്‍ പ്രസംഗിച്ചു.
നക്ഷത്ര വനം സ്ഥാപിച്ചു
നെയ്യാറ്റിൻകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ജിആർ സ്റ്റേഡിയത്തിൽ ചുറ്റും മതിലിനോട് ചേർന്ന് 27 നക്ഷത്ര തൈകൾ നട്ട് നക്ഷത്ര വനം സ്ഥാപിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ലിയു.ആർ.ഹീബ പേരാൽ വൃക്ഷത്തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു.
കെഎൽസിഎ തിരുവനന്തപുരം അതിരൂപത
തിരുവനന്തപുരം: പ്രകൃതിയെ സംരക്ഷിക്കാം, ഭാവിയെ സുരക്ഷിതമാക്കാം എന്ന സന്ദേശവുമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. വെള്ളയന്പലത്തു നടന്ന രൂപതാതല ആഘോഷ പരിപാടികൾ കെഎൽസിഎ അൽമായ ഡയറക്ടർ ഫാ. ബീഡ് മനോജ് ഉദ്ഘാടനം ചെയ്തു. ഒരു തൈ നട്ടാൽ ഒരു ഭാവി വളരും എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ചു നടന്ന ചടങ്ങിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്തു. കെഎൽസിഎ അതിരൂപത പ്രസിഡന്റ് സുരേഷ് പീറ്റർ അധ്യക്ഷത വഹിച്ചു.
ഐഫർ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ
കീഴാറൂർ : ഐഫർ കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ചെയർമാൻ റവ. ലിജി വർഗീസ്, പ്രിൻസിപ്പൽ എൻ. രാധാകൃഷ്ണപിള്ള അധ്യാപകരായ കെ. ഷിബു, ജെ. രാജേഷ്, ജെ.എസ്. നിത്യ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ വൃക്ഷത്തൈകൾ നട്ടു.
കോട്ടൂർ യുപി സ്കൂളിൽ
കോട്ടൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ച് മാങ്കോട് ഇഡിസിയുടെ ആഭിമുഖ്യത്തിൽ കോട്ടൂർ യുപി സ്കൂളിൽ പരിസ്ഥിതി ബോധവത്കരണ പരിപാടിയും ക്വിസ് മത്സരവും നടത്തി. ഡപ്യൂട്ടി റേഞ്ച് ഓഫീസർ . ഷിജു എസ്. വി. നായർ മുഖ്യപ്രഭാഷണം നടത്തി ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ചൊല്ലി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയദേവൻ, ശ്രീദേവി സുരേഷ് എന്നിവരും മറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
പരിസ്ഥിതി നാശത്തിൽ നിന്നും പ്രകൃതിയെ സംരക്ഷിക്കണം: മന്ത്രി സി.പി.ജോണ്‍
തിരുവനന്തപുരം: പരിസ്ഥിതി നാശത്തിൽ നിന്നു പ്രകൃതിയെ സംരക്ഷിക്കണമെന്നു ഗതാഗത, വയോജന വകുപ്പ് മന്ത്രി സി.പി. ജോണ്‍. വഞ്ചിയൂർ ഹോളി എയ്ഞ്ചൽസ് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷക കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ഗ്രീൻ സൊസൈറ്റിയുടെ പ്രസിഡന്റുമായ തോംസണ്‍ ലോറൻസ് അധ്യക്ഷത വഹിച്ചു.
സിസ്റ്റർ സെബിൻ ഫെർണാണ്ടസ് സിസ്റ്റർ ജോളി,, വഞ്ചിയൂർ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സേവ്യർ ലോപ്പസ്, ഗ്രീൻ സൊസൈറ്റി സെക്രട്ടറി അശ്വതി സലിംകുമാർ, എസ്.കെ ഷിനു, നഗരൂർ ശ്രീകുമാർ, ഷീബ ടീച്ചർ എന്നിവർ പ്രസംഗിച്ചു.
സെന്റ് ജേക്കബ്സ് ട്രെയിനിംഗ് കോളജിൽ
കഴക്കൂട്ടം: മേനംകുളം സെന്റ് ജേക്കബ്സ് ട്രെയിനിംഗ് കോളജിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാച്വറൽ സയൻസ്–ഇക്കോ ക്ലബ്ബിന്റെയും ഐക്യുഎസിയുടെയും ആഭിമുഖ്യത്തിൽ പ്രകൃതി എന്ന പ്രമേയത്തിൽ പരിപാടി സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകൾ നൽകുകയും വിത്തൃക്ഷത്തൈ നടുകയും ചെയ്തു. കോളജ് മാനേജർ ഫാ. എം.ആൽബർട്ട് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ലിഡ്സൺ രാജ്, വൈസ് പ്രിൻസിപ്പൽ ഫാ. തദ്ദേവൂസ്, അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
ലൂർദ് മൗണ്ട് സ്കൂൾ
വെമ്പായം : വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം വനം വകുപ്പ് ഉദ്യോഗസ്ഥ ഡോ.ജി.എസ്.റോഷ്നി ഉദ്ഘാടനം ചെയ്തു. മാനേജർ ബ്രദർ പീറ്റർ വാഴപ്പറമ്പിൽ അധ്യക്ഷനായിരുന്നു. പ്രൊവിൻഷ്യൽ ബ്രദർ ഡെന്നിസ് തെക്കേ പറമ്പിൽ മുഖ്യസന്ദേശം നൽകി. ചടങ്ങിൽ ലൂർദ് മൗണ്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ.ടി.ഷാഫി തോംസൺ, ലൂർദ് മൗണ്ട് ഹയർസെക്കൻഡറി പ്രിൻസിപ്പൽ റാണി എം .അലക്സ്, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
District News
വിഴിഞ്ഞം: ഇന്നലെ വീശിയ ശക്തമായ കാറ്റിൽ ഏറെ തിരക്കേറിയ കഴക്കൂട്ടം കാരോട് ബൈപ്പാസിലും ബാലരാമപുരം മുക്കോല റോഡിലും മരങ്ങൾ കടപുഴകി വീണു. മുക്കോല റോഡിൽ കിടാരക്കുഴിയിൽഓടികൊണ്ടിരുന്ന വാഹനത്തിന് മുകളിൽ കൂറ്റൻ ഉറക്കം തൂങ്ങി മരം കടപുഴകി വീണു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. തൊട്ട് മുന്നിലായി പോയ സ്കൂട്ടർ യാത്രികയും തലനാരിഴക്ക് രക്ഷപ്പെട്ടു.
കിടാരകുഴി സ്വദേശി അഭിലാഷ് ,ഭാര്യ, ഭാര്യ, സഹോദരൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി ഇഗ്നീസ് കാറിന് വലിയ കേടുപാടുകൾ സംഭവിച്ചു. കാറിന്റെ െ ഗ്ലാസുകൾ തകർന്ന് മരച്ചില്ലകൾ ഉള്ളിലേക്ക് തറച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ ഉച്ചക്ക് മൂന്നിനാണ് അപകടം ഉണ്ടായത്. ഒരുമണിക്കൂറിലധികം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു . വിഴിഞ്ഞത്ത് നിന്ന് ഫയർ ഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ ഷാജിയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ എത്തി മരം മുറിച്ച് നീക്കി വാഹനം പുറത്ത് എടുത്തു. ഗ്രേഡ് എ.എസ്ടി ഒ. ശിവൻ ഫയർ & റെസ്ക്യൂ ഓഫീസർമാരായ അനീഷ്, ബിജു, സന്തോഷ് കുമാർ, സാജൻ, രഹിൽ, ശ്യാം ധരൻ, അരുൺ മോഹൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
ബൈപ്പാസ് റോഡിൽ വാഴമുട്ടത്ത് ഇന്നലെ രാവിലെ കൂറ്റൻ മരം വീണ് ഗതാഗതം സ്തംഭിച്ചു. വിഴിഞ്ഞം ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. വിഴിഞ്ഞം , കോവളം, മുല്ലൂർ ഉൾപ്പെടെ നിരവധിയിടങ്ങളിൽ മരച്ചില്ലകൾ ഒടിഞ്ഞ് വീണും ഗതാഗത തടസം ഉണ്ടായി.
മരം വീണ് വീടിന് കേടുപാട്
വെള്ളറട : ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീടിനു സാരമായ കേടുപാടുകള്‍ സംഭവിച്ചു. കുടപ്പനമൂട് ഊറ്റുകുഴി വീട്ടില്‍ മാഹീന്റെ വീടിനു പുറത്താണ് പ്ലാവും റബ്ബറും വീണത്. വീടിന്റെ മേല്കൂരയ്ക്കും രണ്ട് റൂമിനും കേടുപാട് സംഭവിച്ചു. ആ സമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
വാര്‍ഡ് മെമ്പര്‍ അല്‍ അമീന് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. അമ്പൂരി വില്ലേജ് അധികൃതരെ വിവരമറിയിച്ച് അവര്‍ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി മടങ്ങി. ഒരു ലക്ഷം രൂപയോളം നാശം വീടിന് സംഭവിച്ചിട്ടുള്ളതായിട്ടാണ് പ്രാഥമിക കണക്കുകൂട്ടല്‍. മരം വീണ സമയത്ത് വീട്ടില്‍ ആളില്ലാത്തത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
മണ്ണിടിഞ്ഞ് അപകടം
കാട്ടാക്കട: കനത്ത മഴയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു. മലപ്പനംകോട്ടാണ് ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പാതിവഴിയിലായ വീടിനു പുറത്തേക്കും വൃദ്ധ ദമ്പതികൾ താമസിച്ചിരുന്ന ഷെഡ്ഡിലേക്കും മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പക്ഷാഘാതം വന്ന് കിടപ്പിലായ വയോധികനും ഭാര്യയും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. മലപ്പനംകോട് കുളച്ചിക്കോട് പള്ളിയരികത്ത് വീട്ടിൽ സുരേന്ദ്രൻ ,ശ്യാമള ദമ്പതികളാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
മൂന്നുവർഷം മുൻപ് പക്ഷാഘാതം പിടിപെട്ട സുരേന്ദ്രനും ഭാര്യ ശ്യാമളയും ഷെഡിലാണ് കഴിയുന്നത്. അടുക്കളയും ശൗചാലയവും എല്ലാം ഒറ്റ മുറിയിൽ ആണ്. ഉണ്ടായിരുന്ന ചെറിയ കൂര പൊളിച്ച് ലൈഫ് പദ്ധതിയിൽ അനുവദിച്ച തുടകയിൽ പണി തുടങ്ങി. നിർമാണ പ്രവർത്തികൾ നടക്കുന്നതിന് തൊട്ടടുത്താണ് താൽക്കാലികമായി ഇവർ ഷെഡ് കെട്ടി താമസിക്കുന്നത്. അടുക്കള സജ്ജീകരിച്ചിരുന്ന സ്ഥലത്തേക്ക് ആണ് സമീപ പുരയിടത്തിലെ മണ്ണ് പാറക്കല്ലുകൾ ഉൾപ്പെടെ മതിലും പൊളിച്ച് വീണത്.
മഴവെള്ളം വീടിനുള്ളില്‍ കയറി നാശനഷ്ടം
വെള്ളറട : ദിവസങ്ങളായി തിമിര്‍ത്തു പെയ്യുന്ന മഴയില്‍ കുടപ്പനമൂടില്‍ വീടിനുള്ളില്‍ വെള്ളം കയറി വ്യാപക നാശ നഷ്ടം. കുടപ്പനമൂട് അഫ്സല് മന്‍സിലില്‍ സെയ്യദ് അല്‍ത്താഫ്- ഹസീന ബീവി ദന്പതികളുടെ വീട്ടിലാണ് മഴവെള്ളം വീടിനുള്ളില്‍ കയറിയത്. മഴവെള്ളം വീട്ടില്‍ നിന്നും വാര്‍ന്ന് സമീപത്തെ പുരയിടത്തിലേക്കാണ് പൊയ്ക്കൊണ്ടിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മഴവെള്ളം വീട്ടിലെ നിരവധി ഗൃഹോപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
District News
തിരുവനന്തപുരം: മാർ ഈവാനിയോസ് ഒട്ടോണമസ് കോളജും യുവ ശാസ്ത്ര വേദിയും സംയുക്തമായി സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. സൈക്കിൾ റാലിക്ക് കോളജിന്റെ പൂർവ വിദ്യാർഥി കൂടിയായ അഡ്വ.ചാണ്ടി ഉമ്മൻ എംഎൽഎ നേതൃത്വം നൽകി.
അഡ്വ.ചാണ്ടി ഉമ്മൻ എംഎൽഎ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽ നിന്നും സൈക്കിളിൽ തന്നെയാണ് മാർ ഈവാനിയോസ് കോളേജിൽ എത്തിച്ചേർന്നത്. സൈക്ലിസ്റ്റ് പ്രകാശ് ഗോപിനാഥും ഒട്ടനവധി വിദ്യാർഥികളും അടങ്ങിയ സൈക്കിൾ റാലി പ്രിൻസിപ്പാൾ ഡോ. മീര ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കോളേജ് അങ്കണത്തിലുള്ള ഒരു മുത്തശ്ശി മരത്തെ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും കേരള ശാസ്ത്രവേദി പ്രസിഡന്റും കൂടിയായ പ്രൊഫ. അച്യുത് ശങ്കർ എസ്. നായരും, അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎയും ചേർന്ന് പ്രതിജ്ഞ എഴുതിയ തുണി കെട്ടി വൃക്ഷത്തെ ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുമായി അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎയും, പ്രൊഫ. അച്യുത് ശങ്കറും സംവദിച്ചു.
കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും, ഭൂമിത്ര സേനയുടെയും, ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും, ബോട്ടണി ഡിപ്പാർട്ട്മെന്റ് യും, എൻവിയോൺമെന്റ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഡോ. സുജു. സി. ജോസഫും, യുവശാസ്ത്ര വേദി കോർഡിനേറ്റർ പ്രൊഫ. ഷിജിടാ ഷെയിനും പരിപാടികൾക്ക് നേതൃത്വം നൽകി.
വൈസ് പ്രിൻസിപ്പാൾ ഫാ. വിൻസി വർഗ്ഗീസ്, ഫാ. തോമസ് വർഗീസ് പുത്തൻപറമ്പിൽ, ഡോ. ടോം തോമസ്, ഡോ. പ്രീത എസ് എസ്, ഡോ. ബിന്ദു അലക്സ്, ഡോ. ദീപ്തി അലക്സ് തുടങ്ങിയവർ സംബന്ധിച്ചു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ വിജയിയായ അബ്ദുവിന് സമ്മാനദാനം നിർവ്വഹിച്ചു.
District News
നെടുമങ്ങാട്: ഒന്നരവയസുകാരനായ അർഷാദിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനെയും കുഞ്ഞിന്റെ മാതാവിനെയും അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി. പനവൂർ നെല്ലിക്കുന്നിൽ വാടകക്കു താമസിച്ചിരുന്ന അഖിലയുടെയുടെ രണ്ടാം ഭർത്താവ് അഷ്കറിന്റെ ക്രൂരമായ മർദനത്തിനിരയായാണ് അർഷാദ് കൊല്ലപ്പെട്ടത്.അഖിലയുടെ ഒത്താശയോടെ നടന്ന കൊലയെ തുടർന്ന് അറസ്റ്റിലായ ഇരുവരും റിമാൻഡിലായിരുന്നു.
ഇന്നലെയാണ് കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്.വ്യാഴാഴ്ച അന്വേഷണ സംഘം നൽകിയ കസ്റ്റഡി അപേക്ഷയെ തുടർന്ന് ഇന്നലെ നെടുമങ്ങാട് എസ് സി/എസ് ടി കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.
കോടതിയിൽ എത്തിയ പ്രതി അഷ്കർ തനിക്ക് ദേഹാസ്വസ്ഥമുണ്ടെന്നും വൈദ്യപരിശോധന വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.തുടർന്ന് ദേഹപരിശോധനക്കായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് അയച്ചു.
പ്രതികളെ ആശുപത്രിയിൽ കൊണ്ടുവരുന്നുണ്ടെന്ന വിവരമറിഞ്ഞ് വനിതകളുൾപ്പടെ വൻ ജനാവലിയാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയത്.
പ്രതികൾക്കു നേരേ പാഞ്ഞടുത്ത ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. കൂവിവിളിച്ചും അസഭ്യം വിളിച്ചുമാണ് ജനക്കൂട്ടം പ്രതികളോടുള്ള അമർഷം പ്രകടിപ്പിച്ചത്. പരിശോധനയിൽ സാരമായ തകരാറുകളൊന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് കോടതി പ്രതികളെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
District News
വെഞ്ഞാറമൂട് : ഹോമിയോപ്പതി ചികിത്സയിലൂടെ പതിനായിരക്കണക്കിന് രോഗികൾക്ക് സാന്ത്വനമേകിയ വാമനപുരത്തിന്റെ ജനകീയ ഡോക്ടർ ബീന വിടവാങ്ങി. ഡോക്ടറിലുപരി സാമൂഹിക സേവന രംഗത്തെ നിറ സാന്നിധ്യം കൂടിയായിരുന്നു ഡോ.ബീന. പുല്ലമ്പാറ, നെല്ലനാട് ഹോമിയോ ഡിസ്പൻസറികളിൽ പ്രവർത്തിക്കുമ്പോഴാണ് കൂടുതൽ പ്രശസ്തിയിലേക്ക് ഉയർന്നത്.
നിലവിൽ വാമനപുരം പഞ്ചായത്ത് ഹോമിയോ ഡിസ്പൻസറിയിലെ മെഡിക്കൽ ഓഫീസറായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന് രോഗികൾ ഡോക്ടറെ തേടിയെത്തി. രോഗകാരണത്തിന്റെ അടിസ്ഥാനം കണ്ടെത്തി ചികിത്സിക്കുകയായിരുന്നു ഡോക്ടറുടെ പ്രത്യേകത.
കഴിഞ്ഞ കുറച്ചുദിവസമായി കാൻസർ രോഗ ബാധിതയായി ചികിത്സയിലായിരുന്നു. വളരെ പെട്ടെന്ന് തന്നെ അസുഖം മൂർച്ഛിക്കുകയും തിരുവനന്തപുരം പിആർഎസ് ഹോസ്പിറ്റലിൽ മരണപ്പെടുകയും ആയിരുന്നു.
ഭൗതികദേഹം ഇന്ന് രാവിലെ സ്വവസതിയായ ആറ്റിങ്ങൽ മാമത്തെ ലക്ഷ്മിയിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും. രാജ്കുമാർ ഭർത്താവും, ദേവനാരായണൻ ഏകമകനുമാണ്.
District News
കഴക്കൂട്ടം :അനധികൃതമായി 17.5 ലിറ്റർ വിദേശമദ്യം കാറിൽ കടത്തിക്കൊണ്ട് പോയി വിൽപ്പന നടത്താൻ ശ്രമിച്ചയാളെ തുമ്പ പോലീസ് പിടികൂടി. ആറ്റിപ്ര കുളത്തൂർ പുളിയറത്തലയ്ക്കൽ വീട്ടിൽ വി.എസ്.വിഷ്ണു(38)ആണ് വ്യാഴാഴ്ച രാത്രി 8.30ന് കുഴിവിള ജംഗ്ഷന് സമീപം പിടിയിലായത്.
സിറ്റി പോലീസ് കമ്മീഷണർ കെ. കാർത്തിക്കിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ് . പ്രതിയെ കോടതിയിൽ ഹാജരാക്കി.
District News
പേരൂര്‍ക്കട: വിദേശത്തുപോകുന്നതിന് മാര്‍ക്ക് ലിസ്റ്റില്‍ തിരുത്തല്‍ വരുത്തിയ ആളെ കരമന പോലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ കൂര്ക്കാശേരി ശക്തന് നഗറില്‍ സനില്‍ ജോസ് (51) ആണ് അറസ്റ്റിലായത്. കരമനയില്‍ ജോയിന്റ് കണ്‍ട്രോളറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
പോലീസ് പറയുന്നത്- കേരള ഗവ. സര്‍ട്ടിഫിക്കറ്റ് ഇന്‍ എന്‍ജിനിയറിംഗ് (കെജിസിഇ) സര്ട്ടിഫിക്കറ്റിനോടനുബന്ധിച്ചുള്ള മാര്‍ക്ക് ലിസ്റ്റിലാണ് സനില്‍ ജോസ് തിരുത്തല്‍ വരുത്തിയത്. ഇയാള്‍ എന്‍ജിനിയറിംഗ് പരീക്ഷ പാസായിരുന്നില്ല. ജയിച്ചുവെന്ന് വരുത്തിത്തീര്‍ത്ത് വിദേശത്ത് പോയി ജോലി തരപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തിരുത്തിയ മാര്‍ക്ക് ലിസ്റ്റ് തൃശൂരിലെ സ്ഥാപനത്തിലേക്ക് അയച്ചുകൊടുത്തു.
ഇവിടെനിന്ന് ഫൈനല്‍ നടപടികള്‍ക്കായി കരമനയിലെ ജോയിന്റ് കണ്‍ട്രോളറുടെ ഓഫീസിലെത്തി. യഥാര്‍ത്ഥ മാര്‍ക്ക് ലിസ്റ്റുമായി ഒത്തുനോക്കിയപ്പോഴാണ് അയച്ചുകിട്ടിയ മാര്‍ക്ക് ലിസ്റ്റിലെ മാര്‍ക്കുകള്‍ തിരുത്തിയതായി മനസ്സിലാക്കുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ തൃശൂരിലെ വീട്ടില്‍ നിന്നാണ് സനില്‍ ജോസിനെ കസ്റ്റഡിയിലെടുത്തത്.
District News
നെയ്യാറ്റിന്‍കര : ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുകയും വീട്ടിൽ അതിക്രമിച്ചു കടന്ന് ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി 15 വർഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
ബാലരാമപുരം വഴിമുക്ക് സ്വദേശി അബ്ദുൽ അഹദി (31) നെയാണ് വിവിധ വകുപ്പുകളിലായി നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം സുജ ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ്, അഡ്വ. വി.ആര് മായാദേവി എന്നിവർ ഹാജരായി.
ബാലരാമപുരം എസ്.എച്ച്.ഒ ആയിരുന്ന ടി.പി.സെന്തിൽകുമാറാണ് കേസ് അന്വേഷിച്ചത്.
District News
കഴക്കൂട്ടം :ഇരുപത്തഞ്ചോളം ചാക്ക് നിറയെ നിരോധിത പുകയില ഉല്പന്നങ്ങൾ അനധികൃതമായി കാറിൽ വിൽപ്പനക്കായി കൊണ്ട് വന്നയാളെ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും കഴക്കൂട്ടം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.കൊട്ടിയം മയ്യനാട് ഈഞ്ചവിള വീട്ടിൽ പ്രവീണി(26) നെയാണ് അസ്റ്റുചെയ്തത് .
ഇന്നലെ രാവിലെ കൊല്ലത്തു നിന്നും കഴക്കുട്ടത്തേയ്ക്ക് ലഹരി ഉൽപന്നങ്ങളുമായി വരവെ കഴക്കൂട്ടം മിഷൻ ആശുപത്രിയ്ക്കു സമീപം വച്ചാണ് പ്രതിയെ പിടികൂടിയത്. വിവിധ സ്ഥലങ്ങളിൽ വിതരണത്തിന് കൊണ്ടുവന്നതാണ് ലഹരി ഉൽപന്നങ്ങൾ എന്ന് പൊലീസ് പറഞ്ഞു.
District News
തിരുവനന്തപുരം: എൻഡോസ്കോപ്പിക് അൾട്രാസൗണ്ട്, തേർഡ് സ്പേസ് എൻഡോസ്കോപ്പി എന്നീ ഗ്യാസ്ട്രോഎൻട്രോളജി മേഖലയിലെ അത്യാധുനിക മിനിമലി ഇൻവേസീവ് സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ച് കിംസ്ഹെൽത്ത് സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനമായ ’എൻഡോസമ്മിറ്റ് 2026’ തിരുവനന്തപുരം ഒ ബൈ താമരയിൽ നടന്നു. കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റുകളും വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുത്തു. ഗ്യാസ്ട്രോഎൻററോളജി രംഗത്ത് കഴിഞ്ഞ വർഷങ്ങളിലുണ്ടായ ശ്രദ്ധേയമായ മുന്നേറ്റങ്ങൾക്ക് എൻഡോസ്കോപ്പി സാങ്കേതികവിദ്യകളുടെ വികസനം വലിയ തോതിൽ സംഭാവന ചെയ്തിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു.
വിദഗ്ധരുടെ നേതൃത്വത്തിൽ തത്സമയം അവതരിപ്പിച്ച സങ്കീർണ എൻഡോസ്കോപ്പികൾ നേരിട്ട് നിരീക്ഷിക്കാനും അവയുടെ സാങ്കേതിക മികവും ചികിത്സാരംഗത്തെ പ്രാധാന്യവും ആഴത്തിൽ മനസ്സിലാക്കാനും പ്രതിനിധികൾക്ക് അവസരം ലഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50ഓളം ഫാക്കൽറ്റി അംഗങ്ങളും 150ലധികം പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു.
കിംസ്ഹെൽത്തിലെ സീനിയർ കണ്‍സൾട്ടന്റ് ഗ്യാസ്ട്രോഎൻററോളജിസ്റ്റ് ഡോ. അജിത് കെ. നായർ സ്വാഗതം ആശംസിച്ചു.
കിംസ്ഹെൽത്തിലെ ഗ്യാസ്ട്രോഎൻററോളജി വിഭാഗം സീനിയർ കണ്‍സൾട്ടന്റുമാരായ ഡോ. മധു ശശിധരൻ മുഖ്യപ്രഭാഷണം നടത്തുകയും ഡോ. ഹാരിഷ് കരീം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
District News
നെടുമങ്ങാട്: വിദ്യാർഥിക്ക് ലഭിച്ചത് വ്യത്യസ്ത നന്പരുകളിൽ രണ്ട് ആധാർ കാർഡുകൾ.പനവൂർ പൂവക്കാട് അജയപുരം സ്വദേശി എസ്.ജെ.ജിതിന്റെ മകൻ അതീത് ജെ.കുറുപ്പി (4) നാണ് വ്യത്യസ്ഥ നമ്പറിലെ രണ്ട് ആധാർ കാർഡുകൾ ലഭിച്ചത്. ഒരാഴ്ച മുൻപാണ് വാളിക്കോട് ഉള്ള അക്ഷയ കേന്ദ്രത്തിൽ ജിതിൻ അപേക്ഷ നൽകിയത്.
ചൊവ്വാഴ്ചയാണ് തപാൽ വഴി കാർഡ് വീട്ടിൽ എത്തിയത്. രണ്ട് കവറുകളിലായി രണ്ട് ആധാർ കാർഡ് ലഭിച്ചു. രണ്ടിലും ആധാർ കാർഡ് നമ്പർ വ്യത്യസ്തമായിരുന്നു.
District News
കോഴി വളർത്തൽ കേന്ദ്രങ്ങൾക്കെതിരേ ആരോപണം
കാട്ടാക്കട: കാട്ടാക്കട താലൂക്കിലെ വിവിധയിടങ്ങളിൽ ഈച്ചശല്യം രൂക്ഷം, പൊരുതി മുട്ടി നാട്ടുകാർ. പൂവച്ചല്‍ പഞ്ചായത്തിലെ വലിയവിള, നവജ്യോതി നഗര്‍, വീരണകാവ്, കീഴ് വാണ്ട പ്രദേശങ്ങളിലാണ് രൂക്ഷമായ ഈച്ചശല്യമുള്ളത്.
പ്രദേശത്തെ കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളാണ് ഈച്ച ശല്യം രൂക്ഷമാകാന്‍ കാരണമെന്നാരോപിച്ച് പ്രദേശവാസികൾ സമരം ആരംഭിച്ചു. മൂന്നുമാസംമുമ്പ് സമീപത്തെ കുരുതംകോട് സ്വകാര്യ കോഴിഫാമില്‍ ചത്ത ആറായിരത്തിലേറെ ഇറച്ചിക്കോഴികളെ ശരിയായ രീതിയില്‍ മറവുചെയ്യാത്തതും ഈച്ചശല്യത്തിനു വഴിവച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു.
കുരുതംകോട്, തൂണിപ്പാട്, കളത്തറ പ്രദേശത്ത് ഈച്ച ശല്യമുണ്ടായതിനു പിന്നാലെയാണ് വീരണകാവില്‍ ഈച്ച ശല്യം രൂക്ഷമായിരിക്കുന്നത്. ഈച്ചകൾ പകർച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നതായും നാട്ടുകാര്‍ പറയുന്നു. ഈച്ചശല്യം നിമിത്തം വീടിനുള്ളിൽപ്പോലും ഇരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഒരു മാസംമുമ്പാണ് വലിയവിള, നവജ്യോതി നഗര്‍ വീരണകാവ്, കീഴ് വാണ്ട പ്രദേശങ്ങളില്‍ ഈച്ച ശല്യംതുടങ്ങിയത്.
ദിവസം കഴിയും തോറും ഇവയുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ നാട്ടുകാര്‍ ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. വീടിന്റെ അടുക്കളയിലും തീന്മേശയിലും ഉൾപ്പെടെ ഈച്ചകൾ നിറഞ്ഞതോടെ ആഹാരം പോലും കഴിക്കാനാകുന്നില്ലെന്നു നാട്ടുകാർ പറയുന്നു. കിടപ്പുരോഗികളും കുട്ടികളുമാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്. മഴ പെയ്താൽ ഈച്ചശല്യം കൂടുന്ന സ്ഥിതിയാണ്.
വിഷയം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യപ്രവർത്തകരെത്തി മരുന്നു പ്രയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. പഞ്ചായത്ത്- ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും കോഴി ഫാമുകളില്‍ നിന്നോ, ഇവിടുത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ നിന്നോ ഈച്ചകളുടെ ഉറവിടം കണ്ടെത്താനായില്ലെന്നാണ് അറിയുന്നത്.
District News
എംഎല്‍എയ്ക്ക് നിവേദനം നല്കി ഫ്രാന്
നെയ്യാറ്റിന്‍കര: പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെ നെയ്യാറ്റിന്‍കരയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. നഗരപരിസരത്തെ ഇടവഴികളില്‍ പോലും പലപ്പോഴും വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നതായി യാത്രക്കാര്‍ ആരോപിച്ചു.
പൊതുവേ വീതി കുറഞ്ഞതാണ് ബാലരാമപുരം -നെയ്യാറ്റിന്‍കര പാത. മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിനു പേരുകേട്ട ബാലരാമപുരത്തിനു തൊട്ടുപിറകിലാണ് ഇക്കാര്യത്തില്‍ ആലുംമൂട് ജംഗ്ഷന്റെ സ്ഥാനം. രാവിലെ വിദ്യാലയങ്ങളിലേയ്ക്ക് വിദ്യാര്ഥികളുമായെത്തുന്ന വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് ഈ ഗതാഗതക്കുരുക്കിനെ അതിജീവിക്കുന്നത്. അനധികൃത പാര്‍ക്കിംഗ് മുതല്‍ വഴിയോര കച്ചവടം വരെ നീളുന്ന നിരവധി ഘടകങ്ങളും ഗതാഗതത്തെ അവതാളത്തിലാക്കുന്നുണ്ട്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തുന്ന ആംബുലന്‍സുകള്‍ പോലും ചിലപ്പോള്‍ ഈ ഗതാഗതക്കുരുക്കില്‍ അകപ്പെടാറുണ്ടെന്നു മുന്‍ കൗണ്‍സിലര്‍ കൂടിയായ മഞ്ചത്തല സുരേഷ് ചൂണ്ടിക്കാട്ടി.
കരമന- കളിയിക്കാവിള പാതയില്‍ ബാലരാമപുരം കൊടിനട മുതലുള്ള ഭാഗത്തെ പാതവികസനം സാധ്യമായാലേ ഗതാഗത തടസ്സങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരമാവുകയുള്ളൂ. വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള പാത വികസനത്തിന് മുൻഗണന നൽകുമെന്ന് എൻ. ശക്തൻ എംഎൽഎ കഴിഞ്ഞ ദിവസം താലൂക്കിലെ റസിഡൻസ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാന് നല്കിയ സ്വീകരണത്തിനു മറുപടിയായി പറഞ്ഞു. പാത വികസനം അടിയന്തരമായി യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം അടങ്ങിയ നിവേദനം ഫ്രാന് ഭാരവാഹികള്‍ എംഎല്‍എ യ്ക്ക് സമര്‍പ്പിച്ചു.
കഴിഞ്ഞ 10 വർഷമായി തയാറാക്കി കൊണ്ടിരിക്കുന്ന വഴിമുക്ക് - കളിയിക്കാവിള റോഡിന്റെ അലെയ്മെന്റ് അംഗീകരിച്ച് ഏറ്റെടുക്കുന്ന ഭൂമി അതിരു തിരിച്ച് കല്ലിടുന്നതിനാവശ്യമായ തുക വരുന്ന ബജറ്റിൽ വകയിരുത്തണമെന്നും ഫ്രാൻ നൽകിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
District News
നെടുമങ്ങാട് : ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന നെടുമങ്ങാട് നഗരത്തിൽ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടിയിൽ സിപിഎമ്മും സിപിഎം ഭരിക്കുന്ന നഗരസഭയും രണ്ടു തട്ടിൽ.
കഴിഞ്ഞ ദിവസം ആരംഭിച്ച തെരുവ് കച്ചവടം ഒഴിപ്പിക്കലും അതിന്റെ ഭാഗമായി നഗരത്തിന്റെ പ്രധാന കവലകളിൽ നിർമിച്ച താത്കാലിക കച്ചവട കേന്ദ്രങ്ങളും നഗരസഭ ജെസി ബിയുമായെത്തി പൊളിച്ചു നീക്കാൻ നടപടികൾ ആരംഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഇന്നലെ കച്ചേരി നടയിൽജെ സിബിയുമായി ഒഴിപ്പിക്കൽ നടപടിക്ക് എത്തിയ നഗരസഭ ജീവനക്കാരെ സിപിഎം പ്രവർത്തകർ തടഞ്ഞു. സിപിഎം നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗം റഹീം, സിഐ ടിയു നേതാവ് അസീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. ഇതു ഏറെ നേരം വാക്കേറ്റത്തിനു കാരണമായി. ഒടുവിൽ ഒഴിപ്പിക്കൽ നടപടി പാതി വഴിയിൽ നിറുത്തി നഗരസഭ ജീവനക്കാർ മടങ്ങിപ്പോയി.
സിപിഎം ഭരിക്കുന്ന നഗരസഭ, പാർട്ടി അറിയാതെയാണ് ഒഴിപ്പിക്കൽ നടപടി കൈക്കൊണ്ടതെ ന്നാണ് ആരോപണം. നേരത്തെ സിപിഎം നെടുമങ്ങാട് ഏരിയ സെക്രട്ടറി ആയിരുന്ന ആർ. ജയദേവനാണ് നിലവിൽ നഗരസഭ ചെയർമാൻ. അതോടൊപ്പം തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിലും ഇരട്ട നീതിയെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ചില സിപിഎം, സി ഐടിയു പ്രാദേശിക നേതാക്കൾക്ക് ഒപ്പം നിൽക്കുന്നവരുടെ കടകൾക്ക് സംരക്ഷണം നൽകുകയും, മറ്റുള്ളവരുടെ കടകൾ ഇടിച്ചു നിരത്തിയതായുമാണ് ആക്ഷേപം.
District News
കഴക്കൂട്ടം : പോത്തൻകോട് ജനവാസ മേഖലകളിൽ കൃഷിനാശം വരുത്തി വിഹരിച്ച 30 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. പഞ്ചായത്ത് നിയോഗിച്ച ദൗത്യസംഘമാണ് കാട്ടുപന്നി വേട്ട നടത്തിയത്. അയിരൂപ്പാറ, കല്ലൂർ, മേലെവിള, തച്ചപ്പള്ളി കല്ലുവെട്ടി എന്നിവിടങ്ങളിലാണ് പന്നികളെ വെടിവച്ചു കൊന്നത്.
പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഒട്ടുമിക്ക കൃഷിയിടങ്ങളിലും വാഴയും കപ്പയുമുൾപ്പെടെയുള്ളവ കാട്ടുപന്നികൾ നശിപ്പിക്കുന്നത് പതിവായി രുന്നു. ഇതുമൂലം പ്രദേശത്തു കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു കർഷകർ. ജനവാസ മേഖലകളിൽ കാട്ടുപന്നി ഇടിച്ചു ആളുകൾക്ക് പരുക്കേറ്റ സംഭവങ്ങളും വർധിച്ചിരുന്നു. കഴിഞ്ഞ ദിവസം കാട്ടുപന്നി ബൈക്കിൽ ഇടിച്ച് പാച്ചിറ സ്വദേശിക്കു പരിക്കേറ്റിരുന്നു.
തുടർന്നാണ് കാട്ടുപന്നി വേട്ട ഊർജിതമാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി. ബിന്ദു, വൈസ് പ്രസിഡന്റ് എസ്. ഷിബു എന്നിവർ പറഞ്ഞു. എസ്.എസ്. വൈശാഖ്, ജ്വാൻ സിറിൽ, എസ്.ആർ. രാകേഷ്, നിഖിൽ പ്രദീപ് എന്നിവരടങ്ങുന്ന ഷൂട്ടർമാരാണ് വേട്ടയ്ക്കു നേതൃത്വം നൽകിയത്. കോർപറേഷൻ അതിർത്തി പ്രദേശമായ ചന്തവിള, കാട്ടായിക്കോണം, സൈനിക സ്കൂൾ, കഴക്കൂട്ടം തുടങ്ങിയ വാർഡുകളിൽ നിന്നായി 200 ഓളം പന്നി കളെയും നേരത്തെ വെടിവച്ചു കൊന്നു.
മനുഷ്യന്റെ ജീവനും സ്വത്തിനും കൃഷിക്കും നാശംവിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ അതതു തദ്ദേശ സ്ഥാപനങ്ങൾ ഉത്തരവിട്ടാണ് വേട്ട നടത്തുന്നത്. തോക്ക് ലൈസൻസുള്ള വനംവകുപ്പ് എംപാനൽ ചെയ്തവരാണ് കാട്ടുപന്നികളെ വെടിവയ് ക്കുന്നത്. കൊന്നശേഷം മഹസർ തയാറാക്കി പോസ്റ്റുമോർട്ടം നടത്തി കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായാണ് സംസ്കരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
District News
നെയ്യാറ്റിന്‍കര: സൈക്കിളില്‍ നാടാകെ ചുറ്റി വൃക്ഷത്തൈകളും വിത്തുകളും വിതരണം ചെയ്യുന്ന ഹരിതമാനവൻ. കാരോട് മണ്ണാംവിള ഗ്രീന്‍ ഭവനില്‍ രാജാമണി എന്ന പരിസ്ഥിതി സ്നേഹി എത്രയോ കാലമായി ഈ നിശബ്ദസേവനം തുടരുന്നു. പ്രകൃതിയെ സ്വന്തം ഹൃദയത്തുടിപ്പിനോടൊപ്പം ചേര്‍ത്ത് ജീവിക്കുന്ന ഈ പച്ചമനുഷ്യന് സംസ്ഥാന വനംവകുപ്പിന്റെ വനമിത്ര പുരസ്കാരം ഇന്നു സമ്മാനിക്കും.
പിതാവ് ജ്ഞാനചന്ദ്രനില് നിന്നാണ് മണ്ണിനോടും കൃഷിയോടും പരിസ്ഥിതിയോടുമൊക്കെയുള്ള ആഴമേറിയ സ്നേഹത്തിന്റെ തന്മാത്രകള് രാജാമണിയിലേയ്ക്ക് പ്രസരിച്ചത്. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിച്ച നാലു വിദ്യാലയങ്ങളിലും പിന്നീട് മുതിര്‍ന്നപ്പോള്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനായെന്നു പറയുന്പോള്‍ ഈ നാട്ടിന്‍പുറത്തുകാരന്റെ വാക്കുകളില്‍ അക്ഷരവിനയസ്പര്ശം.
ആയുസിന്റെ പുസ്തകത്തില്‍ പ്രായം 65 ആയിട്ടും ഇപ്പോഴും യാത്ര പഴയ സൈക്കിളില്‍ തന്നെ. വട്ടത്തില്‍ ചവിട്ടുന്പോള്‍ നീളത്തില്‍ ഓടുന്ന ഇരുചക്രത്തിന്റെ പിറകില്‍ വൃക്ഷത്തൈകള്‍ കരുതാനായി ഒരു പെട്ടി ഘടിപ്പിച്ചിട്ടുണ്ട്. കൈയിലുള്ള തുണിസഞ്ചി നിറയെ പച്ചക്കറി മുതൽ പഴവർഗങ്ങൾ വരെയുള്ളവയുടെ അരുമയാർന്ന വിത്തിനങ്ങളുണ്ടാകും. വിദ്യാലയങ്ങള്‍, സാക്ഷരതാ കേന്ദ്രങ്ങള്‍ എന്നിങ്ങനെ എവിടെയും വൃക്ഷത്തൈകളോ വിത്തുകളോ മണ്ണില്‍ നടാന്‍ രാജാമണി സദാ സന്നദ്ധനാണ്.
ആവശ്യത്തിന് ഇടമുള്ള വഴിയോരത്ത് തണല്‍വൃക്ഷങ്ങളും നട്ടിട്ടുണ്ട്. വീട്ടുവളപ്പിലെ തോട്ടത്തില്‍ തയാറാക്കുന്ന വിത്തുകള്‍ പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്നതും പതിവ്. എന്നാല്‍ അതിനെക്കാളൊക്കെ എത്രയോ ഇരട്ടി അദ്ദേഹം വൃക്ഷത്തൈകളും വിത്തുകളും ആവ്യക്കാര്‍ക്ക് സൗജന്യമായി നല്കിയിട്ടുണ്ടെന്നതും വാസ്തവം.
നെയ്യാര്‍ മുതല്‍ പൊഴിക്കര വരെ മുളവച്ചു പിടിപ്പിക്കല്‍, കുളങ്ങളുടെ കരയില്‍ രാമച്ചം നടീല്‍ മുതലായ പദ്ധതികളുടെയും ഭാഗമാകാനും നേതൃത്വമേകാനും അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. സാഹസിക പരിശീലന അക്കാദമിയായ അമാസ് കേരളയുടെ അസി. ഡയറക്ടര്‍ കൂടിയായ രാജാമണിക്ക് 2015 ല്‍ പ്രകൃതിമിത്ര പുരസ്കാരം ലഭിച്ചു. വിവിധ സംഘടനകളുടെ ശ്രേഷ്ഠസേവാ ബഹുമതിക്കും ജൈവകര്‍ഷക പുരസ്കാരത്തിനും അര്‍ഹനായിട്ടുണ്ട്.
ഔഷധസസ്യങ്ങളുടെ അറിവ് പകരാനും പരിസ്ഥിതി ബോധവത്കരണത്തിനും മറ്റും പ്രാധാന്യം നല്കുന്ന ക്ലാസുകളും നല്കുന്നു.പ്രതിഭാധനനായ കരകൗശല വിദഗ്ധനുമാണ് രാജാമണി. അയ്ങ്കാമം ഗവ. സ്കൂളിലെ രാജാംബികയാണ് ഭാര്യ. മക്കള്‍ ശ്രീരാജ്, രാജശ്രീ.
പുതുതലമുറ പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി പങ്കു ചേരുന്നതു വളരെ സന്തോഷകരമാണെന്നും സദാ ഹരിതാഭമായ പ്രകൃതിയാണ് തന്റെ സ്വപ്നമെന്നും മുന്‍ സ്കൗട്ട് മാസ്റ്റര്‍ കൂടിയായ രാജാമണി കൂട്ടിച്ചേര്‍ത്തു.
District News
കഴക്കൂട്ടം: പോത്തൻകോട് 20ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് ഡാൻസാഫ് സംഘം പിടികൂടി. നാലാഞ്ചിറ കെജെകെ ആശുപത്രി റോഡിൽ താമസിക്കുന്ന എറണാകുളം കുമ്പളങ്ങി ചിറയിൽ ഹൗസിൽ അനന്തകൃഷ്ണൻ (20), ചെമ്പഴന്തി അണിയൂർ ഉദയശ്രീയിൽ അജീഷ് (19) എന്നിവരെ യാണ് അറസ്റ്റു ചെയ്തത്.
ഡാൻസാഫ് സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു കൊയ്ത്തൂർക്കോണത്തു നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംഘത്തിലെ പ്രധാനി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഡാൻസാഫ് എസ്.ഐ. ഫയാസിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ പോത്തൻകോട് പോലീസിനു കൈമാറി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നു കോടതിയിൽ ഹാജരാക്കും.
District News
നെടുമങ്ങാട് : ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ റിമാൻഡിലുള്ള പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പ്രതികളായ രണ്ടാനച്ചൻ അഷ്കർ, കുട്ടിയുടെ മാതാവ് അഖിലഎന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ നെടുമങ്ങാട് പോലീസ് അപേക്ഷ നൽകിയിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി നെടുമങ്ങാട് എസ്ടി-എസ്സി കോടതിയിൽ കസ്റ്റഡി അപേക്ഷ ഇന്നലെ അന്വേഷണ സംഘം നൽകിയിരുന്നു. കേസ് ഇന്ന് ഓപ്പൺ കോടതി പരിഗണിക്കും. അതേസമയം, കേസിലെ പ്രതിയായ അഷ്കറിനെതിരെ സ്വന്തം കുടുംബം തന്നെ രംഗത്തെത്തിക്കഴിഞ്ഞു.
അഷ്കർ കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അമ്മയും സഹോദരിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നതിനുപോലും പിഞ്ചുകുഞ്ഞിനെ അഷ്കർ അതിക്രൂരമായി മർദിച്ചിരുന്നു. കൈയിൽ ചുള്ളിക്കമ്പുമായി കസേരയിലിരുന്നാണ് ഇയാൾ കുഞ്ഞിനെ ഭയപ്പെടുത്തി ആഹാരം കഴിപ്പിച്ചിരുന്നത്.
പ്രതിയുടെ മർദനം സഹിക്കവയ്യാതെ ഇയാളുടെ അമ്മയും അമ്മൂമ്മയും പലതവണ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കുഞ്ഞിനെ അഷ്കർ ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. ഉച്ചയ്ക്ക് ചോറു കൊടുക്കുന്നതിനിടെ കുട്ടി ഛർദിച്ചതിനെ തുടർന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിച്ചെന്നായിരുന്നു രണ്ടാനച്ഛൻ അഷ്കർ പറഞ്ഞത്.
എന്നാൽ കുട്ടിയെ രണ്ടാനച്ഛൻ സ്ഥിരമായി മർദിച്ചിരുന്നവെന്ന പരാതിയുമായി കുട്ടിയുടെ അമ്മൂമ്മയും കുട്ടിയുടെ അച്ഛന്റെ അച്ഛനും പോലീസിനെ സമീപിച്ചു. ഒരു മാസം മുമ്പ് കുട്ടിയുടെ കൈ ഒടിച്ചതായും അമ്മ കുട്ടിയെ വേണ്ട വിധം ശ്രദ്ധിച്ചിരുന്നില്ലെന്നും പരാതി ഉയർന്നു. വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും.
District News
നെയ്യാറ്റിന്‍കര: ദക്ഷിണേന്ത്യയിലെ പ്രശസ്ത ട്രാവല്‍-ട്രേഡ് എക്സ്പോയായ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് (ജിടിഎം) രണ്ടാം പതിപ്പിന്റെ ഭാഗമായുള്ള ഗ്ലോബല്‍ ട്രാവല്‍ മാര്‍ട്ട് എക്സ്പോ-2026ന് തുടക്കമായി. ആയിരത്തിലധികം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ടൂറിസം ഉല്പന്നങ്ങള് എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. എക്സ്പോയിലേക്ക് ഇന്ന് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
അമരവിള ഗോള്‍ഡന്‍ പാലസ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററിൽ ആന്ധ്രാപ്രദേശ് ടൂറിസം സാംസ്കാരിക മന്ത്രി കന്ദുല ദുര്‍ഗേഷ് എസ്പോ ഉദ്ഘാടനം ചെയ്തു. ആന്ധ്രാപ്രദേശ് സ്പെഷല്‍ ചീഫ് സെക്രട്ടറി അജയ് ജെയിന് 'സ്വര്‍ണ ആന്ധ്ര വിഷന്‍ - 2047' എന്ന വിഷയത്തിൽ ക്ലാസെടുത്തു. ആന്ധ്രാപ്രദേശ് ടൂറിസം ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ പത്മറാണി, ടിസിസിഐ പ്രസിഡന്റ് എസ്എന്‍ രഘുചന്ദ്രന്‍നായര്‍, സികെടിഐ പ്രസിഡന്റ് ഇ.എം. നജീബ്, ജിടിഎം സിഇഒ സിജി നായര്‍, എസ്കെഎച്ച്എഫ് സെക്രട്ടറി ജനറല്‍ പ്രസാദ് മഞ്ഞളി എന്നിവര്‍ പങ്കെടുത്തു.
ഇന്നു നടക്കുന്ന സെഷനില്‍ മന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും. സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ടിസിസിഐ), തവസ് വെഞ്ച്വേഴ്സ്, മെട്രോ മാര്‍ട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേരള ടൂറിസത്തിന്റെയും ഇന്ത്യ ടൂറിസത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന എക്സ്പോയില്‍ ആയിരത്തിലധികം വിദേശ-ആഭ്യന്തര ബയേഴ്സും മുന്നൂറിലധികം കോര്‍പ്പറേറ്റ് ബയേഴ്സും പങ്കെടുക്കുന്നു.
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവയുടെ ഇരുന്നൂറിലധികം സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും ഗ്ലോബല്‍ ട്രാവല്‍ എക്സ്പോയിലുണ്ട്. എക് സിബിറ്റേഴ്സിനും ബയേഴ്സിനും ആഗോള ട്രാവല്‍-ടൂറിസം വ്യവസായത്തിലെ പ്രമുഖരുമായി ബിസിനസ് പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന് ജിടിഎം അവസരമൊരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
District News
പാലോട്: പശ്ചിമഘട്ടത്തിൽ നിന്നും പുതിയ സസ്യവർഗത്തെ കണ്ടെത്തി ഗവേഷകർ. പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡനിലെ ഡോ. ഇ.എസ്. സന്തോ ഷ് കുമാർ, ഡോ.ടി സാബു, എസ്.എം. ഷെരീഫ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പുതിയ സസ്യത്തെ ശാസ്ത്രീയമായ അപഗ്രഥനംനടത്തി ശാസ്ത്രലോകത്തിനു സമ്മാനിച്ചത്.
പുതിയ സസ്യത്തിന് ഹംബോൾട്ടിയ നായരിയാന എന്നാണ് പേരിട്ടിരിക്കുന്നത്. അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ ഭാഗമായ ചെന്തുരുണി വന്യജീവി സങ്കേതത്തിലെ നിത്യഹരിത വനങ്ങളിൽനിന്നാണ് കണ്ടെത്തിയത്. ഹം ബോള്ട്ടിയ ജനുസിലെ മറ്റു ചെടികളിൽനിന്നും വിഭിന്നമായി തായ് തടിയിലും ഇലകളിലും പൂക്കളിലും കായ്കളിലുമുള്ള ഘടനാപരമായ സവിശേഷതകളുടെ അടിസ്ഥാനത്തിലാണ് ഈ സസ്യം വ്യത്യസ്തമാണെന്നു ഗവേഷകർ സ്ഥിരീകരിച്ചത്.
കേരളത്തിലെ പ്രശസ്തനായ സസ്യശാസ്ത്രജ്ഞനും അധ്യാപകനും ബോട്ടാണിക്കൽ ഗാർഡൻ മുൻ ഡയറക്ടമായ ജി.എം. നായരുടെ സസ്യശാസ്ത്രത്തിനും ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള വിലപ്പെട്ട സംഭാവനകളെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ എഴുപത്തിയഞ്ചാം ജന്മ വാർഷിക സമ്മാനമായാണ് പുതിയ ചെടിക്ക് ഹം ബോൾട്ടിയ നായരിയാന എന്ന നാമകരണം ചെയ്തിരിക്കുന്നത്.
ലോകത്തിൽ തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും മാത്രമായി കാണപ്പെടുന്ന ഹംബോൾട്ടിയ വർഗത്തിൽ 11 ജൈവ ജാതികളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ ശ്രീലങ്കയിൽ കാണുന്ന ഒരു സ്പീഷീസ് ഒഴികെ മറ്റുള്ളവ ഇന്ത്യയിലാണ്. ഇവയെല്ലാം കടുത്ത വംശനാശ ഭീഷണി നേരിടുന്നവയുമാണ്. പുതിയ സസ്യത്തിന്റെ കണ്ടെത്തൽ പശ്ചിമഘട്ടത്തിലെ സസ്യസമ്പത്ത് ഇപ്പോഴും പൂർണമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇതു ഭാവിയിൽ കൂടുതൽ ഗവേഷണങ്ങൾക്കുള്ള സാധ്യതയുണ്ടെന്നും തെളിയിക്കുന്നു.
District News
നേമം: യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രം വസ്തുതകൾക്ക് നിരക്കാത്തതും മുൻ എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളെ ബോധപൂർവം തമസ്കരിക്കുന്നതുമായ ഏകപക്ഷീയ രാഷ്ട്രീയ പ്രചാരണ ഉപകരണം മാത്രമാണെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. ധനകാര്യ മാനേജ്മെന്റിലെ യഥാർഥ വസ്തുതകളെ വളച്ചൊടിച്ച്, എൽഡിഎഫ് സർക്കാർ കേരളത്തിനു നൽകിയ സാമ്പത്തിക ഭദ്രതയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഈ റിപ്പോർട്ടിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും വി. ശിവൻകുട്ടി ആ രോപിച്ചു.
കോവിഡ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിലും കേന്ദ്രത്തിന്റെ അവഗണനകൾക്കിടയിലും ജനക്ഷേമ പദ്ധതികൾ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോയ സർക്കാരായിരുന്നു എൽഡിഎഫ് സർക്കാരെന്ന് ജനങ്ങൾക്ക് അറിയാം. പുതിയ സർക്കാരിന്റെ പരാജയങ്ങൾ മറച്ചുവെക്കാനുള്ള മറയായി ഈ ധവളപത്രത്തെ ഉപയോഗിക്കരുത്. തട്ടിപ്പ് പ്രചാരണങ്ങൾ അവസാനിപ്പിച്ച്, വസ്തുതാപരമായ ചർച്ചയ്ക്ക് തയാറാവണം.
എൽഡിഎഫ് ഭരണകാലത്തെ ജനകീയ നേട്ടങ്ങൾ തുടർന്നും ശക്തിപ്പെടുത്തണമെന്നതാണ് ജനങ്ങളുടെ യഥാർഥ ആവശ്യമെന്നും വി. ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
District News
നെടുമങ്ങാട്: തിരുവനന്തപുരം ജില്ലയിൽത്തന്നെ ഏരിയ കൂടുതൽ വരുന്ന പോലീസ് സ്റ്റേഷനാണ് നെടുമങ്ങാട്. ഈ സ്റ്റേഷനിലെ പോലീസ് വാഹനങ്ങൾ ഡീസൽ ഇല്ലാതെ സ്റ്റേഷൻ പരിധിയിൽ ഒതുക്കി ഇട്ടിരിക്കുന്നുവെന്ന് ആക്ഷേ പം. കഴിഞ്ഞ ആറു മാസമായി ഡീസൽ അടിക്കുവാൻ ഫണ്ട് ലഭിക്കാറില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മൂന്നു മാസം മുന്‍പുവരെ ഡീസൽ അടിച്ച വകയിൽ നാലുലക്ഷം രൂപ പഴകുറ്റിയിലെ സ്വകാര്യ പമ്പ് ഉടമയ്ക്ക് നൽകാൻ ഉണ്ട്.
കുടിശിക കൂടിയതോടെ പെട്രോൾ പമ്പിൽനിന്ന് മൂന്നുമാസമായി ഡീസൽ ലഭിക്കുന്നില്ല. തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്വന്തം കൈയിൽ നിന്ന് കാശു മുടക്കി ഡീസൽ അടിക്കേണ്ട അവസ്ഥയിലാണ്. എന്നാൽ കഴിഞ്ഞ കുറച്ച് മാസമായി ഉദ്യോഗസ്ഥർ പണം മുടക്കാൻ തയാറാകാതെ വന്നതോടെ വാഹനം ഒതുക്കി ഇടേണ്ട അവസ്ഥയിലുമായി.
നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ട്രാഫിക് സ്റ്റേഷനിലെ ഒരെണ്ണം ഉൾപ്പെടെ നാലു വാഹനമാണു നിലവിലുള്ളതത്. ഇതിൽ രണ്ടെണ്ണം കേടായി. ഒരെണ്ണം സ്റ്റേഷൻ വളപ്പിലും അടുത്തത് വർത്ഷോപ്പിലുമാണ്. ആകെയുള്ള രണ്ടു വാഹനത്തിൽ ഡീസൽ അടിക്കാൻ പണവുമില്ല. നൈറ്റ് പട്രോളിംഗ് നടത്താൻ വാഹനമില്ലാത്ത അവസ്ഥയാണ്. പട്രോളിംഗ് ശക്തമല്ലാത്തതിനാൽ സ്റ്റേഷൻ പരിധിയിൽ മോഷണങ്ങൾ ഉൾപ്പെടെയുള്ളവ പെരുകുന്ന അവസ്ഥയാണ്.
കഴിഞ്ഞദിവസം നെടുമങ്ങാട് സ്റ്റേഷൻ പരിധിയിൽ ഒന്നര വയസുകാരൻ കൊല ചെയ്യപ്പെട്ട സംഭവത്തിൽ ഡിവൈഎസ്പിയുടെ വാഹനമാണ് കൂടുതലായി ഉപയോഗിച്ചത്. കൂടുതൽ പോലീസ് സേന തെളിവെടുപ്പിനായി ആവശ്യമുള്ളതിനാൽ പുറത്തുനിന്നുള്ള വാഹനങ്ങൾ എത്തിച്ചിരുന്നുവെങ്കിലും നെടുമങ്ങാട് സ്റ്റേഷനിലെ രണ്ടു വാഹനങ്ങൾ ഓടുന്നതിനായി ഉദ്യോഗസ്ഥർ അടുത്തുള്ള പെട്രോൾ പമ്പിൽ കടം പറഞ്ഞു ഡീസൽ അടിക്കേണ്ട ഗതികേടിലായിരുന്നു. പ്രധാന സന്ദർഭങ്ങളിൽ ഇത്തരത്തിൽ ഡീസൽ നിറച്ചാണ് വാഹനമോടുന്നത്.
നെടുമങ്ങാട് എസ്എച്ച്ഒയുടെ ഉൾപ്പെടെയുള്ള പോലീസുകാരുടെ സ്വകാര്യ വാഹനങ്ങളാണ് ഔദ്യോഗിക കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ബില്ല് മാറാൻ സാധിക്കാത്തതും മെയിന്റനൻസ് തുക ലഭി ക്കാത്തതുമാണ് പോലീസ് വാഹനങ്ങൾ ഒതുക്കി ഇടേണ്ട അവസ്ഥയിലായത്. വാഹനത്തിന്റെ പെട്രോൾ അലവൻസിനും മെയിന്റനൻസിനും ചെലവാകുന്ന തുകയുടെ ബില്ല് എആർ ക്യാമ്പിലേക്ക് കൃത്യമായി കൈമാറാറുണ്ട്. തുടർന്ന് എസ്പി ഓഫീസിലേക്ക് അയച്ചശേഷം ട്രഷറിയിൽ ബില്ലെത്തുമെങ്കിലും ഫണ്ടില്ലെന്ന് അറിയിച്ചു മാറ്റിവയ്ക്കുകയാണ് പതിവ്.
മുന്‍പ് എസ്എപി ക്യാമ്പിൽ പോലീസിന്റെ വക സ്വന്തം പമ്പിൽ നിന്നും റൂറൽ പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് പെട്രോൾ നിറയ്ക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സിറ്റി പോലീസിനു കീഴിലുള്ള സ്റ്റേഷനുകൾക്കു മാത്രമേ ഡീസൽ നിറക്കാൻ അനുമതിയുള്ളൂ. മുൻ സർക്കാരിന്റെ കാലത്ത് തന്നെ ഫണ്ടു കിട്ടാത്ത അവസ്ഥയാണ്. പൊതു ജനങ്ങൾ പരാതിയുമായി എത്തിയാൽ പോലീസ് വാഹനം ലഭ്യമാകാത്തതിനാൽ പരാതിക്കാർ സ്വന്തം വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ പോലീസിനെയെത്തിച്ച് കേസന്വേഷണം നടത്തേണ്ട സ്ഥിതിയാണിപ്പോഴുള്ളത്.
എത്രയും വേഗത്തിൽ നടപടിയെടുത്ത് പോലീസ് വാഹനങ്ങൾ നിരത്തിലിറക്കണമെന്നും അല്ലാത്ത പക്ഷം കുറ്റകൃത്യങ്ങൾ കൂടുന്ന അവസ്ഥയാണ് സ്റ്റേഷൻ പരിധിയിൽ നിലനിൽക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
District News
നെയ്യാറ്റിന്‍കര: കൗണ്‍സില്‍ യോഗം ഇല്ലാത്ത ദിവസങ്ങളില്‍ കൗണ്‍സിലര്‍മാര്‍ക്ക് സ്വതന്ത്രമായി ഇരിക്കാന്‍ നെയ്യാറ്റിന്‍കര നഗരസഭയില്‍ സൗകര്യമില്ലെന്നു പരാതി.
നഗരസഭ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന്, അഞ്ച് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാര് എന്നിവര്‍ക്ക് പ്രത്യേകം ശീതികരിച്ച മുറികള്‍ ക്രമീകരിച്ചിട്ടുണ്ട്. കൗണ്‍സിലര്‍മാരെല്ലാം ഏതെങ്കിലും ഓരോ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ അംഗങ്ങളാണ്. അതുകൊണ്ടുതന്നെ നഗരസഭ ഓഫീസില്‍ വരുന്പോള്‍ കൗണ്‍സിലര്‍മാര്‍ അതാത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരുടെ മുറികളില്‍ ഇരിക്കുകയാണ് പതിവ്.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ്മാരാരും വന്നില്ലെങ്കില്‍ സന്ദര്‍ശകരുടെ കസേരകളില്‍ ഇരിക്കേണ്ടി വരും. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയില്‍ നിരവധി പേര് വന്നുപോകാറുണ്ട്. അവര്‍ക്കായി നീക്കിവച്ചിട്ടുള്ള കസേരകള്‍ കൈക്കലാക്കുന്നത് ശരിയല്ലായെന്ന മനോഭാവമാണ് കൗണ്‍സിലര്‍മാര്‍ക്ക് പൊതുവേയുള്ളത്. ഈ സാഹചര്യത്തിലാണ് കൗണ്‍സിലര്‍മാര്‍ക്ക് നഗരസഭ ഓഫീസില്‍ ഇരിപ്പിടങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നത്.
നഗരസഭ ഓഫീസില്‍ പ്രത്യേക ഇടം കണ്ടെത്തി കൗണ്‍സിലര്‍മാര്‍ക്കായി ഇരിപ്പിടങ്ങള്‍ ഒരുക്കിയാല്‍ നല്ലതാണെന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനും. ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ചെയര്‍പേഴ്സണ്‍ യോഗത്തില്‍ മറുപടി നല്കി.
District News
കഴക്കൂട്ടം: ഫ്ലാറ്റിലെ മുറിയിൽ കഞ്ചാവ് വളർത്തിയ ടെക് നോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ. ശ്രീകാര്യം ചെറുവയ്ക്കൽ അലത്തറയുള്ള സ്വകാര്യ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരൻ ഹരിയാന സ്വദേശി വിശാൽ (26) ആണ് അറസ്റ്റിലായത്.
ഇയാൾ നട്ടുവളർത്തിയ എഴുപതോളം ഹൈബ്രിഡ് കഞ്ചാവ് ചെടികൾ ശ്രീകാര്യം പോലീസ് കണ്ടെടുത്തു. പ്ലാസ്റ്റിക് കപ്പുകളിലും മുട്ട കൊണ്ടുവരുന്ന പേപ്പർ ട്രെയിലും ജൈവവളമിട്ടു നട്ടുനനച്ചു വളർത്തിയ നിലയിലായിരുന്നു കഞ്ചാവ് ചെടികൾ. വിശാലിന്റെ കൈവശം സൂക്ഷിച്ചിരുന്ന 19 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. സ്വന്തം ആവശ്യത്തിനാണ് ഇയാൾ ഫ്ലാറ്റിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നത്. കഞ്ചാവ് ചെടിയുടെ ഇലകൾ അരച്ചു പാലിൽ ചേർത്തു കുടിക്കുകയും ഇലകൾ ചേർത്ത ചമ്മന്തി പതിവായി ഉപയോഗിക്കുകയും ചെയ്തിരുന്നതായി പ്രതി പോലീസിനോട് സമ്മതിച്ചു.
അറസ്റ്റു ചെയ്ത പ്രതിയെ ശ്രീകാര്യം പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി.
District News
നെടുമങ്ങാട്: ക്രൂരപീഡനത്തിനൊടുവില്‍ കൊല്ലപ്പെട്ട ഒന്നരവയസുകാരൻ അർഷദിന്റെ ശരീരത്തില്‍ 91 മുറിവുകളുണ്ടെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഏഴു വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടെന്നും തലയിലെ നീര്‍ക്കെട്ടും രക്തസ്രാവവുമാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തേ പോലീസ് നടത്തിയ ഇന്‍ക്വസ്റ്റില്‍ 51 മുറിവുകളെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം, കുട്ടിയുടെ കൈ ഒടിഞ്ഞതില്‍ അവ്യക്തത തുടരുകയാണ്. ചവിട്ടുപടിയില്‍നിന്ന് വീണ് കൈ ഒടിഞ്ഞെന്നാണ് കേസില്‍ അറസ്റ്റിലായ അമ്മ അഖിലയും രണ്ടാനച്ഛന് അഷ്കറും പോലീസിനു നല്കിയ മൊഴി. എന്നാല്‍, ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും അതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്നുമാണ് പോലീസ് പറയുന്നത്.
കുട്ടിയെ നിരന്തരം മര്‍ദിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് രണ്ടാനച്ഛനായ അഷ്കര്‍ സമ്മതിച്ചിട്ടുണ്ട്. അഖിലയ്ക്കും തനിക്കും ഒരുമിച്ച് താമസിക്കാന്‍ കുട്ടി തടസമാകുമെന്ന് കരുതിയാണ് മര്‍ദിച്ചത്. കുട്ടി ഇടയ്ക്കിടെ കരയുന്നതും പ്രകോപനമുണ്ടാക്കിയെന്നും ഇയാള്‍ മൊഴി നല്കി.
കൊലപാതകം, കുട്ടികള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമേ എസ്സി/എസ്ടി അതിക്രമ നിരോധന വകുപ്പു കൂടി ചേര്‍ക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി കുട്ടിയുടെ അമ്മയായ അഖിലയുടെയും പിതാവ് അഖിലിന്റെയും ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ശേഖരിക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ അഖിലയ്ക്കെതിരേ നിലവില്‍ കൊലപാതകപ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അഷ്കര്‍ കുട്ടിയെ മര്ദിക്കുന്നതെല്ലാം അഖില അറിഞ്ഞി രുന്നതായും പോലീസ് പറഞ്ഞു.
ഒന്നരവയസുകാരനായ അര്‍ഷിതിന്റെ മരണത്തിലാണ് അമ്മ അഖിലയെയും രണ്ടാനച്ഛനായ അഷ്കറിനെയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റ്ചെയ്തത്. ക്രൂരപീഡനമേറ്റാണ് കുഞ്ഞു മരിച്ചതെന്നു കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ഇരുവരെയും പോലീസ് പിടികൂടിയത്.
അഖിലയുടെയും ആദ്യഭര്‍ത്താവായ അഖിലിന്റെയും മകനാണ് അര്‍ഷിത്. രണ്ടുവര്‍ഷം മുന്‍പാണ് അഖില്‍ മരിച്ചത്. ഇതിനുശേഷമാണ് അഖില അഷ്കറിനൊപ്പം താമസം ആരംഭിച്ചത്.
District News
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലുണ്ടായ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനം. റെയില്‍വേയുടെ ഭാഗത്ത് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പഴവങ്ങാടി തോടിന്റെ വീതി കുറയുന്നതിനും ചാക്ക, പഴവങ്ങാടി ഭാഗത്ത് വെള്ളം പൊങ്ങുന്നതിനും ഇടയായതായി യോഗം വിലയിരുത്തി. പഴവങ്ങാടി തോടിന്റെ യഥാര്‍ഥ വീതി നിലനിര്‍ത്തിക്കൊണ്ട് നിര്‍മാണ പ്രവര്‍ത്തികള്‍ നടപ്പാക്കുന്നതില്‍ റെയില്‍വേ വീഴ്ച വരുത്തിയതായി യോഗം വിലയിരുത്തി.
കൂടാതെ ആമയിഴഞ്ചാന്‍ തോടില്‍നിന്നു മാലിന്യവും മണ്ണും നീക്കുന്നതിനുവേണ്ടി നഗരസഭാ അധികൃതര്‍ തോടിന്റെ പാര്‍ശ്വഭിത്തി പൊളിച്ചത് പുനഃസ്ഥാപിക്കുന്നതിന് മുമ്പ് മഴ പെയ്തതിനാലാണ് കിഴക്കേകോട്ട ഭാഗത്ത് വെള്ളക്കെട്ടുണ്ടാകാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആമയിഴഞ്ചാന്‍ തോട്ടി ലും പാര്‍വതി പുത്തനാറിലും നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ നീരൊഴുക്ക് തടസപ്പെടുത്തുന്നതിനും കാരണമായി. മാലിന്യനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെ വന്നതിലൂടെയാണ് വെള്ളപ്പൊക്കം രൂക്ഷമായിത്തീരാനിടയായതെന്നും യോഗം വിലയിരുത്തി.
ഈ സാഹചര്യത്തില്‍ തലസ്ഥാന നഗരിയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും അടിയന്തിരമായി സ്വീകരിക്കാവുന്ന നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്കി. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനുവേണ്ടി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പുതിയ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാനും ഉന്നതതല യോഗം തീരുമാനിച്ചു.
നഗരത്തിലെ വെള്ളക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട് റെയില്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കുന്നതിനു ഡിവിഷണല്‍ റെയില്‍വേ മാനേജറുമായി ചര്‍ച്ച ചെയ്യുന്നതിനു ജലസേചന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജലസേചന വകുപ്പിനു കീഴിലുള്ള തോടുകളിലെ മാലിന്യം നീക്കാനും അപകടകരമായി വളര്‍ന്നു നില്ക്കുന്ന മരങ്ങള്‍, വേരുകള്‍, ചില്ലകള്‍ എന്നിവ വെട്ടി മാറ്റി നീരൊഴുക്ക് സുഗമമാക്കാനും നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി.
മാലിന്യ നിക്ഷേപം തടയുന്നതിനു കനാലുകളില്‍ ഫെന്‍സിംഗ് നടത്തി സംരക്ഷിക്കുന്നതിന് പുതിയ പ്രോജക്ട് ഉണ്ടാക്കാന്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. മന്ത്രി അഡ്വ. മോന്‍സ് ജോസഫ് അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തില്‍ മന്ത്രിമാരായ കെ. മുരളീധരന്, സി.പി.ജോണ്‍ എന്നിവരും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
District News
കഴക്കൂട്ടം : ശ്രീകാര്യം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷൽ സ്കൂൾ ഫോൾ ഗേൾസിൽ പുതുതായി പ്രവേശനം നേടിയ കുട്ടികളെ വി. മുരളീധരൻ എംഎൽഎ അപമാനിച്ചെന്ന് ആക്ഷേപം. കേരളത്തിലെ പട്ടിക വർഗ സ്കൂളുകളുടെ സംസ്ഥാനതല പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്കു മിഠായി വിതരണം ചെയ്തത് കഴക്കൂട്ടം എംഎൽഎ ആയിരുന്നു.
എന്നാൽ കുട്ടികളുടെ കൈയിലേക്ക് മിഠായി നൽകാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്ഘാടകയായ പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി, കളക്ടർ അനുകുമാരി ഉൾപ്പെടെ വകുപ്പിലെ ഉദ്യോഗസ്ഥർ നോക്കി നിൽക്കുമ്പോഴാണ് എംഎൽഎയുടെ വിവേചന പരമായ നടപടി.
പട്ടികവർഗ, പിന്നാക്കവിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന റസിഡൻഷ്ൽ സ്കൂളാണ് ശ്രീകാര്യത്ത് കട്ടേലയിൽ പ്രവർത്തിക്കുന്നത്.
വിശദീകരണവുമായി വി. മുരളീധരൻ എംഎൽഎ
കഴക്കൂട്ടം : കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ സ് കൂളിലെ കുട്ടികൾക്ക് മിഠായിയും വാങ്ങിയാണ് പ്രവേശനോത്സവത്തിന് പോയതെന്നും മറ്റാരും വിതരണം ചെയ്യാൻ ഏൽപ്പിച്ചതല്ലെന്നും വി. മുരളീധരൻ എംഎൽഎ. പരിപാടി തുടങ്ങാറായതുകൊണ്ടും മിഠായി ഓരോ കുട്ടിക്കായി കൊടുക്കാൻ നിന്നാൽ നേരം വൈകു മെന്നതുകൊണ്ടും വേഗത്തിൽ വിതരണം പൂർത്തിയാക്കാനായി മേശ തോറും മിഠായി ഒന്നിച്ചു നൽകിയതെന്നും എംഎൽഎ പറഞ്ഞു.
ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം കൊടുക്കാൻ ദേശാഭിമാനിയിലൂടെ ശ്രമിച്ചത്. ബിജെപി വിരോധം തലയ്ക്കു പിടിച്ച മറ്റു മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു എന്നും വി. മുരളീധര ൻ കുറ്റപ്പെടുത്തി.
District News
വിഴിഞ്ഞം: ഉപജീവനത്തിനായി കേരളത്തിലെത്തി ഉൾക്കടലിന്റെ ആഴങ്ങളിൽ താഴ്ന്ന കൊൽക്കത്ത സ്വദേശികളായ അച്ഛനും മകനും ഇനിയും തിരിച്ചെത്തിയില്ല. അവരെക്കുറിച്ചുള്ള ഓർമകൾ ബാക്കിയാക്കി വിദേശ കപ്പൽ വിയറ്റ്നാമിന്റെ എം.വി സോളിസ് ഇന്നലെ രാത്രിയിൽ കൊളംബോ ലക്ഷ്യമാക്കി യാത്രയായി.
നിയമത്തിന്റെ നൂലാമാലകളിൽപ്പെടാതെ പുറത്തുവച്ചു നടന്ന ഒത്തുതീർപ്പും നഷ്ടപരിഹാരം നൽകലും കഴിഞ്ഞതോടെയാണ് മൂന്നു മാസത്തെ കസ്റ്റഡിക്കുശേഷം വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന സോളിസിനു തീരം വിടാനുള്ള അനുമതി ഇന്നലെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അനുവദിച്ച് നൽകിയത്. വിയറ്റ്നാം സ്വദേശികളായ 20 ജീവനക്കാർക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും കുടിവെള്ളവും ശേഖരിച്ച് കഴിഞ്ഞ്, മാരിടൈം ബോർഡ് തുറമുഖ അധികൃതരുടെ എല്ലാ നടപടികളും പൂർത്തിയാക്കി അവരുടെ അനുമതിയോടെയാണ് കൊളംബോക്കുള്ള പുറപ്പാട്. കൊളംബോയിൽനിന്ന് ഇന്ധനം ശേഖരിക്കാനുള്ള പുതിയ ഷെഡ്യൂൾ വാങ്ങിയാ ണ് സോളിസ് വിഴിഞ്ഞംവിട്ടത്. ഷിപ്പിംഗ് ഏജൻസിയായ കൊച്ചിയിലെ സീമാക്സ് അധികൃതർ ലക്ഷ്യസ്ഥാനംവരെ സോളിസിനെ നിരീക്ഷിക്കും.
ഇക്കഴിഞ്ഞ മാർച്ച് എട്ടിന് പകൽ രണ്ടു മണിയോടെയായിരുന്നു മത്സ്യത്തൊഴിലാളികളെയും കേരളത്തെയും നടുക്കിയ സംഭവം അരങ്ങേറിയത്. ഒമാനിൽ നിന്ന് കൊളംബോക്ക് പോവുകയായിരുന്ന സോളിസ് ഉൾക്കടലിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടിലേക്ക് ഇടിച്ച് കയറുകയാ യിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന ബോട്ടിൽനിന്ന് പരിക്കുകളോടെ കടലിലേക്ക് തെറിച്ചുവീണു ജീവനു വേണ്ടി പിടഞ്ഞ ഒൻപത് പേരെ കപ്പൽ ജീവനക്കാർ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നെങ്കിലും തലേ ദിവസം രാത്രി മുഴുവനും ഉറക്കമില്ലാതെ മീൻ പിടുത്തം നടത്തിയതിന്റെ ആലസ്യത്തിൽ ബോട്ടിലെ കാബിനുള്ളിൽ മയങ്ങാൻ കിടന്ന കൊൽക്കത്താ സ്വദേശികളായ 45കാരൻ ലക്കനും മകൻ 23 കാരനായ ബാദലും തകർന്ന ബോട്ടിനൊപ്പം കടലാഴങ്ങളിലേക്ക് താഴ്ന്നു.
അഗാധ ഗർത്തവും അപകടകാരികളായ മീനുകളും മറ്റു ജന്തുക്കളും അധിവസിക്കുന്ന വിശാലമായ കടലിന്റെ ഓളപ്പരപ്പിൽ അച്ഛനും മകനും ഉയർന്നു വരുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ സേനാ അധികൃതർ നിരവധി ദിവസങ്ങൾ തിരച്ചിലുമായി കാത്തിരുന്നു. ഒടുവിൽ പ്രതീക്ഷകൾ അസ്തമിച്ചതോടെ അന്വേഷണവും അവസാനിപ്പിക്കുകയായിരുന്നു.
ഏഴ് പശ്ചിമ ബംഗാൾ സ്വദേശികളും നാല് തമിഴ് നാട്ടുകാരുമായാണ് കൊല്ലം ശക്തികുളങ്ങര സ്വദേശി രാജേഷ് മാത്യൂവിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ജോസഫ് എന്ന തങ്ങൽ ബോട്ട് മാർച്ച് ഏഴിന് ഉൾക്കടൽ ലക്ഷ്യമാക്കി പുറപ്പെട്ടത്. തീരത്തുനിന്ന് ഏകദേശം 200 കിലോമീറ്റർ ഉൾക്കടലിലെത്തിയ സംഘം രാത്രി മുഴുവനും മീൻപിടിത്തം നടത്തി . രാത്രിയിലെ അലച്ചിൽ മാറ്റാൻ നങ്കൂരമിട്ടശേഷം വിശ്രമിക്കാൻ കിടന്ന സംഘത്തിനു നേരയാണ് സോളിസ് ഇടിച്ച് കയറിയത്.
വിവരമറിഞ്ഞ് ഉൾക്കടലിലെത്തിയ വിഴിഞ്ഞം തീരസംരക്ഷണ സേനാ അധികൃതർ പരിക്കേറ്റവരെ ഏറ്റുവാങ്ങി തുറമുഖതത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് കസ്റ്റഡിയിൽ എടുത്ത കപ്പൽ സോളിസിനെ മാർച്ച് ഒൻപതിന് വിഴിഞ്ഞത്തെത്തിച്ചു. കാണാതായവർക്കും പരിക്കേറ്റവർക്കും തകർന്ന ബോട്ടിനുമായുള്ള നഷ്ടപരിഹാര തീരുമാനം വൈകിയതോടെ കപ്പലിന്റെ യാത്രഅനിശ്ചിതത്വത്തിലായി. സംഭവം നടന്നത് കുളച്ചൽ തീരത്തിനും ഉൾക്കടലിൽ ആയതിനാൽ ചെന്നൈ പോലീസാണ് കേസെടുത്തിരുന്നത്.
District News
പേരൂര്‍ക്കട: കിണര്‍ ശുചീകരണത്തൊഴിലാളികള്‍ ജീവന് പണയംവച്ചാണ് കിണറ്റിലേക്കിറങ്ങുന്നതെന്നും ഇവരുടെ ജീവന് ആരും വിലകല്‍പ്പിക്കുന്നില്ലെന്നും ആരോപണം ശക്തമാകുന്നു. വട്ടിയൂര്‍ക്കാവ് മലമുകള്‍ ഭാഗത്ത് കിണര്‍ വൃത്തിയാക്കാനിറങ്ങി തൊട്ടി തലയില്പതിച്ച് ആസാം സ്വദേശി മിഹിര്‍ മജുംദാര്‍ (22) ഇന്നലെ മരണപ്പെടുകയായിരുന്നു. 130 അടി താഴ്ചയുള്ള കിണറ്റിലാണ് ഇന്നലെ മിഹിര്‍ ഇറങ്ങിയത്. സാധാരണ 80 അടിക്കുമേല്‍ താഴ്ചയുള്ള കിണറില്‍ ഇറങ്ങുമ്പോള്‍ ഓക്സിജന്‍ സിലിണ്ടര്‍ കരുതണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശങ്ങളുള്ളതാണ്.
വളരെ താഴ്ചയുള്ള കിണറില്‍ നിറയെ വെള്ളവും ഉണ്ടായിരുന്നു. തൊട്ടിയില്‍ നിറയെ മണ്ണുനിറച്ചശേഷം പുറത്തെത്തിക്കുകയായിരുന്നു മിഹിറിന്റെ ജോലി. കിണറില്‍ വെളിയില്‍നിന്ന് കയര്‍ വലിച്ചിരുന്നതു രണ്ടുപേരാണ്. ഇതിനിടെ തൊട്ടിയില്‍ നിന്ന് കയര്‍ ഊരിയാണ് കിണറ്റിലേക്കു പതിച്ചത്. എത്ര താഴ്ചയുള്ള കിണറ്റിലാണ് തൊഴിലാളികള്‍ ഇറങ്ങുന്നതെന്നോ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സുരക്ഷിതമാണോ, ഇവര്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ കരുതാറുണ്ടോ, ആവശ്യമായ മുന്‍കരുതലുകള്‍ കിണറിനു വെളിയില്‍ കരുതാറുണ്ടോ എന്നുള്ള കാര്യങ്ങളൊന്നും അധികൃതരും നോക്കാറില്ല. കയറിനു ഭാരം ഇല്ലാതായതിനെത്തുടര്‍ന്നാണ് തൊട്ടി താഴേക്കുപോയതായി കിണറിന് പുറത്തുനിന്നവര്‍ അറിയുന്നത്.
കിണറിന്റെ താഴ്ഭാഗത്തു നിന്ന് 60 അടി മുകളില്‍ തൊട്ടി എത്തിയശേഷമാണു താഴേക്കു വീണത്. ഒരു നിലവിളി ഉള്ളില്‍നിന്നു കേള്‍ക്കുന്നതായി അറിഞ്ഞവര്‍ ഫയര്‍ഫോഴ്സിലും വട്ടിയൂര്‍ക്കാവ് പോലീസിലും വിവരമറിയിക്കുകയായിരുന്നു. മണ്ണന്തല ഭാഗത്ത് വാടകയ്ക്കു താമസിച്ചുവരുന്നയാളാണ് മിഹിര്‍ മജുംദാര്‍. ജോലി ലഭിക്കുന്നതനുസരിച്ച് വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ എത്തും. അല്ലാത്ത സമയങ്ങളില്‍ നാട്ടിലേക്കു മടങ്ങിപ്പോകും. ഇതായിരുന്നു യുവാവിന്റെ പതിവ്. മിഹിറിന്റെ ആകസ്മികമായ മരണം നാട്ടുകാരില്‍ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ് ക്കിടെ ആറുപേരാണ് വട്ടിയൂര്‍ക്കാവില്‍ മരിച്ചത്.
കിണര്‍ വൃത്തിയാക്കാനിറങ്ങി മിഹിര്‍ മരിച്ചപ്പോള്‍ രണ്ടുപേര്‍ ആത്മഹത്യ ചെയ്തു. ഒരു വയോധിക മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി മരിച്ചു. രണ്ടുപേര്‍ ആറ്റില്‍ മുങ്ങിമരിച്ചു, ഇവരില്‍ ഒരാള്‍ പാങ്ങോട് ക്യാമ്പിലെ സൈനികനാണ്. കോഴിക്കോട് സ്വദേശി സുജിത്ത് (35) ആണ് മരിച്ച സൈനികന്. അടിക്കടിയുള്ള ആകസ്മിക മരണങ്ങള് ഒഴിവാക്കാന്‍ അധികാരികള്‍ എന്തുനടപടികളാണ് സ്വീകരിക്കുന്നതെന്നുള്ളത് ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
District News
വിഴിഞ്ഞം : ലോകമറിയുന്ന അന്താരാഷ്ട്ര തുറമുഖവും തൊട്ടടുത്ത് അന്താരാഷ്ട്ര വിമാനത്താവളവും എല്ലാം വന്നെങ്കിലും സുരക്ഷയുടെ കാര്യത്തിൽ വിഴി ഞ്ഞം മേഖല ഏറെ പിന്നിലെന്ന ആക്ഷേപത്തിന് കുറവില്ല. തുറമുഖം യാഥാർഥ്യമായതോടെ ലോക രാജ്യങ്ങളോട് വെല്ലുവിളിക്കാൻ പറ്റുന്ന പ്രധാന കേന്ദ്രമായി വിഴിഞ്ഞം വളർന്നു.
എന്നാൽ രണ്ട് തുറമുഖങ്ങളുടെ കേന്ദ്രമായ വിഴിഞ്ഞത്ത് സുരക്ഷ വെറും പേരിന് മാത്രം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് അദാനി നിയമിച്ചിട്ടുള്ള കുറെ സുരക്ഷാ ജീവനക്കാർ മാത്രമാണുള്ളത്. അന്താരാഷ്ട്ര നിയമമനുസരിച്ച് സുരക്ഷക്കായി കേന്ദ്രസേനയായ സിഐഎസ്എഫ് അല്ലെങ്കിൽ സംസ്ഥാന സർക്കാർ നിയമിക്കുന്ന പ്രത്യേക വിംഗോ വേണമെന്നുണ്ട്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം തികയുന്ന സമയത്തും ആധുനിക സംവിധാനങ്ങളോടെയുള്ള സുരക്ഷയില്ലതാനും.
പശ്ചിമേഷ്യ ഉൾപ്പെടെ ലോക രാജ്യങ്ങൾ യുദ്ധത്തിന്റെ പേരിൽ കലുഷിതമാകുമ്പോൾ ഇവിടുള്ളവരുടെ മനസിലും തീയാണ്. ഏത് രാജ്യക്കാർക്കും വന്ന് പോകാൻ പാകത്തിൽ പ്രകൃതിദത്ത തീരമുള്ള തെക്കൻ മേഖലയുടെ സുരക്ഷ അധികൃതർ ശക്തമാക്കേണ്ടതുണ്ട്. കടൽ സുരക്ഷാ സേനയായ നേവിയുടെ സ്ഥിരം സ്റ്റേഷൻ, കൂടുതൽ സംവിധാനങ്ങളോടെ തീരസംരക്ഷണ സേന ശക്തിപ്പെടുത്തൽ എന്നിവ വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി വരുമെന്നറിയിച്ചിരുന്നെങ്കിലും ഇതുവരെയും ഉണ്ടായില്ല.
വല്ലപ്പോഴും യുദ്ധക്കപ്പലുകളായ കൽപ്പേനിയും കബ്രാളും എല്ലാം നിരീക്ഷണത്തിനായി കൊച്ചിയിൽ നിന്ന് വിഴിഞ്ഞത്ത് വന്ന് മടങ്ങിയിരുന്നതായിരുന്നു എടുത്ത് പറയത്തക്ക സേനാ വിന്യാസം. തുറമുഖം പൂർണ സജ്ജമാകുന്ന മുറക്ക് 500 മീറ്റർ ബർത്ത് നേവിക്കും 150 മീറ്റർ ബർത്ത് തീരസംരക്ഷണ സേനക്കും നൽകുമെന്നാണറിവ്. നിലവിൽ തീരസംരക്ഷണ സേനയുടെ കേന്ദ്രം വിഴിഞ്ഞത്ത് പ്രവർത്തിക്കുന്നുണ്ട്. പട്രോളിംഗിനും തീരസുരക്ഷക്കുമായി മൂന്ന് ചെറു യുദ്ധകപ്പലുകൾ ഉണ്ടെങ്കിലും സേനയുടെ ശക്തി കൂട്ടാൻ ഡോണിയർ വിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തേണ്ടതുണ്ട്.
നിലവിൽ കടലിൽ കാണാതാകുന്നവരെയും മറ്റ് സംശയകരമായ സാഹചര്യങ്ങളിലും കൊച്ചിയിൽ നിന്നാണ് നിരീക്ഷണ വിമാനങ്ങൾ എത്തുന്നത്. ദൂരത്ത് നിന്ന് വരുന്നതിനാൽ ഇവ അധിക സമയം കടലിന് മുകളിൽ വട്ടം കറങ്ങാതെ തിരിക്കെ മടങ്ങേണ്ടിവരുന്നതായി അധികൃതർ പറയുന്നു. കടലിൽ ഇറങ്ങാൻ പാകത്തിലുള്ള ഒരു ബോട്ടു പോലും ഇല്ലാത്ത അവസ്ഥയിലാണ് തീരദേശ പോലീസ് സ്റ്റേഷനുകൾ. അന്താരാഷ്ട്ര തുറമുഖം പ്രവർത്തനം തുടങ്ങിയതോടെ വിദേശത്ത് നിന്നുള്ള കൂറ്റൻ ചരക്ക് കപ്പലുകളുടെ വലിയ ഒഴുക്കാണ്.
തുറമുഖത്ത് കയറാനായി നിരവധി കപ്പലുകൾ പുറം കടലിൽ എപ്പോഴും നങ്കൂരത്തിലുണ്ടാകും. ഇവയെല്ലാം വിഴിഞ്ഞത്ത് വന്ന് പോകുന്നത് തുറമുഖ അധികൃതരുടെ ഉത്തരവാദിത്വത്തിൽ മാത്രമാണ്. വിദേശ രാജ്യങ്ങൾ കണ്ണ് വയ്ക്കുുന്ന വിഴിഞ്ഞത്തിന്റെ സുരക്ഷക്കായി മിസൈൽ വേധസംവിധാനങ്ങൾ ഉൾപ്പെടെ വേണമെന്ന ആവശ്യം ഉയരുകയാണ്.
District News
വിഴിഞ്ഞം : തെക്ക്-പടിഞ്ഞാറൻ മൺസൂൺ ശക്തി പ്രാപിച്ചതോടെ ജലയാനങ്ങളുടെ ഉടമകൾ, ഓപ്പറേറ്റർമാർ, ജീവനക്കാർ എന്നിവർക്കുള്ള സുരക്ഷാ മുന്നറിയിപ്പുകളുമായി കേരള മാരിടൈം ബോർഡ് അധികൃതർ.
കനത്ത മഴയും, ശക്തമായ കാറ്റും, തിരമാലകളും ഉള്ള സാഹചര്യങ്ങളിൽ യാതൊരു കാരണവശാലും ജലയാനങ്ങൾ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ല. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, പോലീസ്, മറ്റ് ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ പൂറപ്പെടുവിക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകൾ കർശനമായും പാലിക്കേണ്ടതാണ്. അടിയന്തിര സാഹചര്യങ്ങളിൽ അതാത് ജില്ലാ കൺട്രോൾ റൂമിൽ വിവരമറിയിച്ച് സഹായം തേടുക.
യാത്രാവേളയിൽ കാലാവസ്ഥ പ്രതികൂലമായാൽ എത്രയും വേഗം സുരക്ഷിതമായ തീരത്തേക്ക് മാറുക. സർവീസ് നടത്തുന്ന എല്ലാ ജലയാനങ്ങൾക്കും നിയമപ്രകാരം സാധുതയുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, ജീവൻ രക്ഷാ ഉപകരണങ്ങൾ തുടങ്ങിയവ കർശനമായും ഉണ്ടായിരിക്കേണ്ടതാണ്. സർവേ സർട്ടിഫിക്കറ്റിൽ പ്രതിപാദിച്ചിട്ടുള്ള ലൈസൻസുള്ള ജീവനക്കാർ മാത്രമേ ജലയാനങ്ങൾ പ്രവർത്തിപ്പിക്കുവാൻ പാടുള്ളൂ.
വാർഷിക സർവേ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള അംഗീകൃത പാസഞ്ചർ കപ്പാസിറ്റിയിൽ കൂടുതൽ യാത്രക്കാരെ ജലയാനങ്ങളിൽ കയറ്റുവാൻ പാടുള്ളതല്ല. ജീവൻരക്ഷാ ഉപകരണങ്ങളും, അഗ്നിശമന ഉപകരണങ്ങളും പ്രവർത്തന സജ്ജമാക്കി അടിയന്തിരമായി ഉപയോഗിക്കുവാൻ സാധിക്കത്തക്ക തരത്തിൽ ജലയാനങ്ങളിൽ നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്.
യാത്രക്കാരുടെയും, ജീവനക്കാരുടെയും, ജലയാനത്തിന്റെയും സുരക്ഷ ഉറപ്പാക്കേണ്ടത് ജലയാനത്തിന്റെ മാസ്റ്റർ അല്ലെങ്കിൽ സ്രാങ്കിന്റെയും ബോട്ടുടമയുടെയും പൂർണ ഉത്തരവാദിത്വമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
District News
പാറശാല: ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നതായി പരാതി. ധനുവച്ചപുരം പഞ്ചായത്ത് ഓഫീസ് ചിറകുളത്തിനടുത്ത് വീട് കുത്തിത്തുറന്ന് മൂന്നര പവന് സ്വര്‍ണം മോഷ്ടിച്ചത്.
ധനുവച്ചപുരം ഏറത്ത് വീട്ടില്‍ ഉഷകുമാരിയുടെ വീടാണ് കുത്തിത്തുറന്ന് മൂന്നര പവന്റെ സ്വര്‍ണം മോഷ്ടിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഉഷകുമാരിയും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു.
ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോള്‍ മുന്‍വശത്തെ ഡോറിന്റെ ലോക്ക് കുത്തിത്തുറന്ന്
മോഷ്ടാവ് അകത്ത് കയറിയതായിട്ടുള്ളതായി മനസ്സിലാക്കിയത്.
തുടര്‍ന്ന് വീട് പരിശോധിച്ചപ്പോഴാണ് അലമാര തകര്‍ത്ത് സ്വര്‍ണം മോഷ്ടിച്ചത് കണ്ടെത്തിയത്.
ഉഷ കുമാരി നല്കിയ പരാതിയെ തുടര്‍ന്ന് പാറശാല പൊലീസും ഡോഗ്സ്കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
District News
തിരുവനന്തപുരം: ഹെൽമെറ്റ് കൊണ്ടടിച്ചു സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക കഠിനതടവും അനുഭവിക്കണം.
ഇതിനു പുറമെ ഈ കേസിലെ ഒന്നാം സാക്ഷി നന്ദകുമാറിനെ പ്രതി ഹെൽമെറ്റ് ഉപയോഗിച്ച് അടിച്ച കേസിൽ ഒരു വർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കഠിനതടവും അനുഭവിക്കണം.
ശിക്ഷകൾ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും പ്രതി ജയിലിൽ കിടന്ന കാലാവധി കുറച്ചുകൊടുക്കാനും കോടതി വിധിന്യായത്തിൽ പറഞ്ഞു. കുന്നത്തുകാൽ ചെറിയകൊല്ല മലയിൻകാവ് മാവുവിള പുത്തൻവീട്ടിൽ മണിയൻ എന്ന അക്കാനി മണിയനെയാണ് (49) തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ആർ. അനിൽകുമാർ ശിക്ഷിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് 2023 ജൂണ്‍ മൂന്നിനായിരുന്നു.
ശാന്തകുമാർ ആണ് കൊല്ലപ്പെട്ടത്. ശാന്തകുമാറിന്റെ സഹോദരൻ നന്ദകുമാറിനെ മലയിൻകാവിലെ വർക്ക്ഷോപ്പിന്റെ സമീപത്തുള്ള റോഡിൽ വച്ച് പ്രതി ഹെൽമെറ്റ് ഉപയോഗിച്ചു മുഖത്തടിച്ചതിനെ ചോദ്യം ചെയ്ത ശാന്തകുമാറിനെ അതെ ഹെൽമെറ്റ് ഉപയോഗിച്ച് പ്രതി തലയ്ക്ക് അടിക്കുകയും ചവിട്ടി റോഡ് സൈഡിലെ ഓടയിൽ തള്ളി ഇടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ശാന്തകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂണ്‍ എട്ടിനു മരണമടഞ്ഞു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എ.ആർ. ഷാജി ഹാജരായി.
District News
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ വിവിധയിടങ്ങളിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടുകളിൽ വലഞ്ഞ് വഴിയാത്രക്കാർ. തന്പാനൂർ, കിഴക്കേക്കോട്ട, പഴവങ്ങാടി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളമുയർന്നതോടെ ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം താറുമാറായി. ആക്കുളം ഉള്ളൂർ റോഡിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ആമയിഴഞ്ചാൻ തോട് നിറഞ്ഞൊഴുകുകയാണ്.
ഇന്നലെ ഉച്ചയോടെ നഗരത്തിൽ പെയ്ത കനത്ത മഴയാണ് നഗരത്തെ വെള്ളക്കെട്ടിലാക്കിയത്. രണ്ടു മണിക്കൂറിലേറെ പേടിപ്പെടുത്തുന്ന ഇടിമിന്നലോട് കൂടി നിന്നു പെയ്ത മഴയ്ക്ക് വൈകുന്നേരത്തോടെ താൽക്കാലിക ശമനമായെങ്കിലും മഴപെയ്ത് മണിക്കൂറുകൾ കഴിഞ്ഞിട്ടും നഗരമധ്യത്തിലെ വെള്ളക്കെട്ട് മാറാത്തത് യാത്രക്കാരെ ദുരിതത്തിലാക്കി. ശനിയാഴ്ച ദിവസമായതിനാൽ ഇന്നലെ വൈകുന്നേരം തന്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കിഴക്കേക്കോട്ട ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കു പോകാനെത്തിയവരാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്.
താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിലും കടകളിലും അടക്കം വെള്ളം കയറി. പഴവങ്ങാടി ഭാഗത്ത് വെള്ളത്തോടൊപ്പം കടകളിൽ മാലിന്യങ്ങളും ഒഴുകിയെത്തി. റോഡുകളിലൂടെ മാലിന്യങ്ങൾ ഒഴുകി നടക്കുന്ന നിലയിലാണ്. ഓടകൾ കൃത്യമായി വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണങ്ങളിലൊന്ന്. പഴവങ്ങാടി മേഖലയിൽ നിരവധി കടകളിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി വ്യാപാരികൾ പറഞ്ഞു.
കൃത്യസമയത്ത് മഴക്കാല പൂർവ ശുചീകരണം നടക്കാക്കതാണ് പ്രശ്നത്തിനു കാരണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കോർപറേഷന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മേയർ വി.വി രാജേഷ് പ്രതികരിച്ചത്.
ഒന്നര മാസം മുൻപ് കോർപറേഷന്റെ നേതൃത്വത്തിൽ ഓടകൾ വൃത്തിയാക്കാൻ നടപടി തുടങ്ങി. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടത്. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിലടക്കം വകുപ്പ് ഇടപെടേണ്ടതുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.
പ്രസ്ക്ലബിനു മുന്നിലെ റോഡിൽ മരം കടംപുഴകി വീണു
തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച് ചേർത്ത ദുരന്ത നിവാരണ അഥോറിറ്റിയുടെ യോഗം നടക്കവെ സെക്രട്ടേറിയറ്റിന് പിറകിലെ റോഡിൽ മരം കടപുഴകി വീണ് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരം വീഴുന്നത് കണ്ട് വഴിയാത്രക്കാർ ഓടിമാറിയതിനാൽ വൻ അപകടം ഒഴി വായി. ഇന്നലെ രാവിലെ പത്തോടെ തിരുവനന്തപുരം പ്രസ്ക്ലബിന് സമീപത്തായിരുന്നു അപകടം നടന്നത്. രണ്ട് ബൈക്കുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു.
ഫയർഫോഴ്സ് മരം മുറിച്ച് മാറ്റി ഗതാഗത തടസം നീക്കുകയായിരുന്നു. രണ്ടാഴ്ചക്ക് മുൻപ് യൂണിവേഴ്സിറ്റി കോളജിന് സമീപത്തെ നടപ്പാതയിൽ മരം വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റിരുന്നു. മഴക്കാലം വരാനിരിക്കെ നിരന്തരം മരം വീണുള്ള അപകടങ്ങൾ ഉണ്ടാ കുന്നത് തലസ്ഥാന വാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
District News
തിരുവനന്തപുരം: ഇന്നലെ നഗരത്തില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. തിരുവനന്തപുരം സെന്‍ട്രലിനും നേമത്തിനും ഇടയിലുള്ള റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കുഞ്ചാലുംമൂട്് ഓവര്‍ ബ്രിഡ്ജിനു തൊട്ടടുത്തായാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണത്. നാഗര്‍ കോവില്‍ - കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ കടന്നു പോകുന്നതിനു തൊട്ടു മുന്‍പായിരുന്നു സംഭവം.
ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചയോടെ തലസ്ഥാന നഗരിയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നാണ് ട്രാക്കിന്റെ വശങ്ങളില് നിന്നും വലിയ രീതിയില്‍ മണ്ണ് ഇടിഞ്ഞ് റെയില്‍വേ ട്രാക്കിലേക്ക് വീണത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ സുരക്ഷ മുന്‍നിര്‍ത്തി ഈ റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം റെയില്‍വേ അധികൃതര്‍ ഭാഗികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ ജീവനക്കാരെത്തി അടിയന്തിരമായി ട്രാക്കിലെ മണ്ണ് പൂര്‍ണ്ണമായി നീക്കം ചെയ്തു. ഒന്നര മണിക്കൂളോളം വൈകിയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.
District News
തിരുവനന്തപുരം: ഇന്നലെ നഗരത്തില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. തിരുവനന്തപുരം സെന്‍ട്രലിനും നേമത്തിനും ഇടയിലുള്ള റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. കുഞ്ചാലുംമൂട്് ഓവര്‍ ബ്രിഡ്ജിനു തൊട്ടടുത്തായാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണത്. നാഗര്‍ കോവില്‍ - കോട്ടയം പാസഞ്ചര്‍ ട്രെയിന്‍ കടന്നു പോകുന്നതിനു തൊട്ടു മുന്‍പായിരുന്നു സംഭവം.
ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചയോടെ തലസ്ഥാന നഗരിയില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നാണ് ട്രാക്കിന്റെ വശങ്ങളില് നിന്നും വലിയ രീതിയില്‍ മണ്ണ് ഇടിഞ്ഞ് റെയില്‍വേ ട്രാക്കിലേക്ക് വീണത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ സുരക്ഷ മുന്‍നിര്‍ത്തി ഈ റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം റെയില്‍വേ അധികൃതര്‍ ഭാഗികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ ജീവനക്കാരെത്തി അടിയന്തിരമായി ട്രാക്കിലെ മണ്ണ് പൂര്‍ണ്ണമായി നീക്കം ചെയ്തു. ഒന്നര മണിക്കൂളോളം വൈകിയാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്.
District News
മാറനല്ലൂര്‍: ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പാത നിർമിച്ചെങ്കിലും നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്നില്ല. കാടുകയറി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ നടപ്പാത. മാറനല്ലൂര്‍- നെയ്യാറ്റിന്‍കര റോഡില്‍ കോട്ടമുകളിലാണ് റോഡ് നവീകരണത്തോടനുബന്ധിച്ച് നടപ്പാതയും നിര്‍മിച്ചത്.
45 ലക്ഷംരൂപയാണ് നടപ്പാത നിര്മാണത്തിനുവേണ്ടി വിനിയോഗിച്ചത്. നടപ്പാത നിര്മാണംപൂര്ത്തിയായതോടുകൂടി കാല്‍നടയാത്രക്കാർ തറയോട് പാകിയ നടപ്പാട ഉപയോഗിച്ച് തുടങ്ങി. എന്നാല്‍ ഇപ്പോള്‍ നടപ്പാത ഉപയോഗിക്കാന്‍ കഴിയാത്ത തരത്തിലാണ്.
കാടുകയറി കിടക്കുന്നത് കാരണം പലയിടങ്ങളിലേയും തറയോട് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്ത് നടപ്പാത നവീകരണം നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ് ഉള്‍പ്പടെയുള്ള ജനപ്രതിനിധകള്‍ക്ക് നിവേദനം നല്കി മാസങ്ങള്‍ പിന്നിട്ടെങ്കിലും നവീകരണവുമായി ബന്ധപ്പെട്ട് ഒന്നും തന്നെ നടക്കുന്നില്ലന്നാണ് നാട്ടുകാരുടെ പരാതി.
District News
തിരുവനന്തപുരം : 1947 ൽ സ്വാതന്ത്ര്യം നേടിയ ഇന്ത്യയെ ലോകരാജ്യങ്ങൾക്കിടയിൽ മുൻപന്തിയിൽ എത്തിക്കുന്നതിലും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും കാര്യത്തിൽ ഒരു പുതിയ ലോകക്രമം സൃഷ്ടിക്കുന്നതിലും ജവഹർലാൽ നെഹ്റു മുഖ്യ പങ്കു വഹിച്ചു വെന്നു മന്ത്രി സി. പി. ജോണ്‍ പ്രസ്താവിച്ചു.
നെഹ്റു സെന്ററിന്റെ 49-ാമതു വാർഷിക സമ്മേളനം പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി പന്തളം സുധാകരൻ നെഹ്റു അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഡോ. എം.ആർ. തന്പാൻ അധ്യക്ഷത വഹിച്ചു. ഡോ. കായംകുളം യൂനുസ്, കലാം കൊച്ചേറ, എം.കെ. ശശിധരൻ നായർ എന്നിവരും പ്രസംഗിച്ചു.
District News
വിഴിഞ്ഞം : വിദേശ കപ്പൽ സോളിസിനെ ജൂൺ ഒന്നിന് മുൻപ് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന നിർദേശവുമായി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ്. മൺസൂൺ കാലത്തെ കടൽക്ഷോഭത്തിലും കാറ്റിലും പെട്ട് നങ്കൂരം തകർത്ത് കപ്പൽകരയിലേക്ക് ഇടിച്ച് കയറി തകർന്ന് വൻ അപകടത്തിന് കാരണമാകുമെന്ന കണക്ക് കൂട്ടലിലാണ് അധികൃതരുടെ കർശന നിർദ്ദേശം.
കാലവർഷമെത്തുന്നതിന് മുൻപ് തന്നെ ശക്തമായ കടൽക്ഷോഭം തുടങ്ങിയതും വെല്ലുവിളിയായി. വിഴിഞ്ഞം പുറം കടലിൽ ഇരുപത് ജീവനക്കാരുമായി കപ്പൽ നങ്കൂരമിട്ടിരിക്കുന്നത് സുരക്ഷിതമല്ലെന്ന് മനസിലാക്കിയ അധികൃതർ കപ്പലിനെ കൊല്ലത്തേക്ക് മാറ്റാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ മൺസൂൺ തിരയടിയിൽ മണ്ണ് മൂടുന്ന തുറമുഖത്തുനിന്ന് കപ്പലിനെ പുറത്തിറക്കാനാകില്ല. അത് ഏറെ വിനയാകുമെന്ന തിരിച്ചറിവ് കൊല്ലത്തേക്കുള്ള യാത്രക്കും തടസമായി.
പിന്നെയുള്ളത് കൊച്ചിയിലേക്ക് മാറ്റുകയെന്നതാണ്. വിഴിഞ്ഞത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊച്ചിയിലെത്തിക്കുന്നതിനിടയിൽ കാലാവസ്ഥ മാറി കൂടുതൽ കടൽക്ഷോഭമുണ്ടായാൽ കപ്പലിന്റെ സുരക്ഷയെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതർ പറയുന്നു. കലുഷിതമായ തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലമാണ് കേരളത്തെ കാത്തിരിക്കുന്നത്. ഉൾക്കടലിൽ കൂടി പോകുന്ന ചരക്ക് കപ്പലുകൾക്ക് പോലും മുന്നറിയിപ്പ് നൽകുന്ന ഈ സമയത്ത് തീരത്തോട് ചേർന്ന് എം.വി സോളിസിനെ കൊച്ചിയിലേക്ക് കൊണ്ടുപോവുക എന്ന ദൗത്യവും ഏറെ ദുഷ്കരമാകുമെന്നും വിലയിരുത്തലുണ്ട്.
അപകടം വരുത്തി വച്ച് കേസിൽപ്പെട്ട്കിടക്കുന്ന കപ്പലിനും ജീവനക്കാർക്കും എന്ന് നാട്ടിലേക്ക് മടങ്ങാമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുന്നു.
കൊളംബോയ്ക്കുള്ള യാത്രക്കിടയിൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് രണ്ട് പേർ മരിക്കാനിടയായ സംഭവത്തോടെ യാണ് മൂന്ന് മാസം മുൻപ് സോളിസിനെ അറസ്റ്റ് ചെയ്ത് വിഴിഞ്ഞത്ത് എത്തിച്ചത്.
കേസുള്ളതിനാൽ ജീവനക്കാരെ പുറത്തിറക്കി പകരം ആൾക്കാരെ കയറ്റണമെങ്കിലും നിയമത്തിന്റെ നൂലാമാലകൾ താണ്ടണം. ഒത്തുതീർപ്പ് വ്യവസ്ഥകർ ഫലം കാണാതെയും അനന്തമായി നീളുന്ന കേസും കാരണം വർഷങ്ങളായി ഇന്ത്യൻ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന നിരവധി കപ്പലുകളുണ്ടെന്നും അധികൃതർ പറയുന്നു.
സോളിസിന്റെ കാര്യത്തിൽ കോടതി നടപടികൾ ഇനി ആരംഭിക്കേണ്ടതുണ്ട്. കപ്പൽ കമ്പനി അധികൃതരും ഇടിച്ച് തകർന്ന ബോട്ടിന്റെ ഉടമസ്ഥരും തമ്മിലുള്ള ഒത്ത് തീർപ്പ് വ്യവസ്ഥകൾ നീണ്ടു പോയാൽ സോളിസിന്റെ തിരിച്ച് പോക്കും വൈകും. ഇത് ജീവനക്കാരെ മാനസികമായി ഏറെ തളർത്താൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.
District News
കോവളം: കോവളം സ്വദേശിയെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്പിച്ച കേസിലെ പ്രതിയെ കോവളം പോലീസ് അറസ്റ്റു ചെയ്തു. കോളിയൂർ കൈലിപ്പാറ കോളനിയിൽ നിതിൻ കിച്ചു ആണ് അറസ്റ്റിലായത്.കോളിയൂർ കൈലിപ്പാറ കുഴിയൻവിള സ്വദേശി സനുവിനെയാണ് പ്രതി ആക്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. സനുവിന്റെ കയ്യിലുണ്ടായിരുന്ന ബിയർ കുപ്പി പ്രതിയുടെ വീടിന് മുന്നിൽ വീണുടഞ്ഞിരുന്നു. ഇത് സനു മനപ്പൂർവം ചെയ്തതാണെന്ന് ആരോപിച്ചാണ് പ്രതി സനുവിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
സനുവിന്റെ സ്കൂട്ടർ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും തലയിലും വാരിയെല്ലിലും ചവിട്ടുകയും ബിയർ കുപ്പി കൊണ്ട് തലയിൽ അടിക്കുകയും ചെയ്തു. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് കോവളം പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
നെയ്യാറ്റിന്‍കര : നെല്ലിമൂട് -പയറ്റുവിള റോഡിന്റെ വശങ്ങളിലെ അപകടക്കുഴികള്‍ക്ക് പരിഹാരം കാണണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. റോഡ് നന്നായി തന്നെയാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. എന്നാല്‍ പയറ്റുവിളയില്‍ നിന്നും നെല്ലിമൂട്ടിലേയ്ക്ക് വരുന്പോള്‍ റോഡിന്റെ ഇടതുവശത്ത് നീളത്തിലുള്ള ചെറിയ കുഴികളുണ്ട്.
നേരത്തെ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി റോഡിന്റെ വശത്ത് പൈപ്പുകള്‍ സ്ഥാപിച്ചതിനു ശേഷം കുഴികള്‍ മൂടി. എന്നാല്‍ മഴയും മറ്റും കാരണം മണ്ണ് താഴേയ്ക്കും വശങ്ങളിലേയ്ക്കും മാറിയതോടെ രൂപം കൊണ്ടതാണ് കുഴികളെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. പയറ്റുവിള ഭാഗത്തു നിന്നും നെല്ലിമൂട്ടിലേയ്ക്ക് വരുന്ന ഇരുചക്ര, മുചക്ര വാഹന യാത്രക്കാര്‍ക്കാണ് ഇവിടെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്.
എതിര്‍ദിശയില്‍ നിന്നും ഏതെങ്കിലും വാഹനം മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് വരുന്ന സന്ദര്‍ഭത്തില്‍ ഇവിടെ വാഹനം റോഡില്‍ നിന്നും മാറിയില്‍ സ്വാഭാവികമായും ടയര്‍ കുഴിയിലാവുകയും അപകടത്തിനിടയാവുകയും ചെയ്തേക്കാം. ബന്ധപ്പെട്ട അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
District News
നെയ്യാറ്റിന്‍കര : കലാ- കായിക- ശാസ്ത്രമേളകളില് മികവ് തെളിയിച്ചിട്ടുള്ള വിദ്യാര്‍ഥിനിക്ക് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക്. നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ജി.എസ് അലീനയാണ് ഹ്യുമാനിറ്റീസില്‍ 1200 ല്‍ 1200 മാര്‍ക്കും സ്വന്തമാക്കി ജന്മനാട്ടിനും വിദ്യാലയത്തിനുമെല്ലാം അഭിമാനതാരമായത്.
പ്ലാമൂട്ടുക്കട എറിച്ചല്ലൂര്‍ തുണ്ടുവിള ജോണ്‍പോള്‍ നഗര്‍ എ ജി എസ് ഭവനില്‍ സി. സുരേന്ദ്രന്റെയും പി. ഗ്ലാഡിസ് സ്റ്റെല്ലയുടെയും മകളാണ് അലീന. നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റ് സ്കൂളില്‍ എസ്.എസ്.എല്‍.സി ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. ഗവ. ഗേള്‍സ് എച്ച് എസ് എസിലെ വിദ്യാര്‍ഥിനിയായിരിക്കെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ വുഡ് വര്‍ക്കില്‍ രണ്ടു തവണ എ ഗ്രേഡ് കരസ്ഥമാക്കി. കാര്‍പ്പെന്ററായ പിതാവ് സുരേന്ദ്രനാണ് വുഡ് വര്‍ക്കില്‍ അലീനയുടെ ഗുരു.
ചിത്രകാരി കൂടിയായ അലീന കലോത്സവത്തില്‍ ഇംഗ്ലീഷ് കവിതാരചന, ഹിന്ദി ഉപന്യാസരചന, ചവിട്ടുനാടകം മുതലായ മത്സരയിനങ്ങളിലും ജേതാവായിട്ടുണ്ട്. സ്കൂള്‍ ക്രിക്കറ്റ്, ബാസ്കറ്റ് ബോള്‍ ടീം അംഗമായ അലീനയ്ക്ക് ഡിസ്ക്കസ്, ജാവലിന്‍ എന്നീയിനങ്ങളും പ്രിയപ്പെട്ടതാണ്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കുന്നതോടൊപ്പം സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് അലീന പറഞ്ഞു. ഐപിഎസാണ് അലീനയുടെ ലക്ഷ്യം.
District News
നെടുമങ്ങാട്: പ്ലസ്ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടിയ വിദ്യാർഥികളെ അഡ്വ. ജി.ആർ.അനിൽ എം എൽ എ വീട്ടിലെത്തി ആദരിച്ചു. നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി എസ് .ശ്രാവണ സുനിലിനെ അഡ്വ.ജി.ആർ,അനിൽ വീട്ടിലെത്തി അനുമോദനം അറിയിച്ചു.
കരിപ്പൂര്‍ കണ്ണാറംകോട് ശ്രീതിലകത്തിൽ സുനിൽകുമാറിന്റെയും സൗമ്യ സത്യന്റെയും മകളാണ് ശ്രാവണ. അഭിമാനാർഹമായ വിജയം കൈവരിച്ച വിദ്യാർഥിയുടെ കുടുംബത്തിന്റെ സന്തോഷത്തിൽ എംഎൽഎ പങ്കാളിയായി. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡന്റ് സാനു മോഹൻ എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.
100% വിജയം കൈവരിച്ച കന്യാകുളങ്ങര ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ കട്ടായിക്കോണം മേലെവിള വൃന്ദാവനത്തിൽ സുനിൽകുമാറിന്റെ മകൾ എസ്.ആർ.ദേവനന്ദയേയും എംഎൽഎ നേരിട്ട് വസതിയിൽ എത്തി അനുമോദിച്ചു.
District News
പേരൂര്‍ക്കട: രണ്ടുദിവസംമുമ്പ് പൈപ്പ് പൊട്ടിയതിനെത്തുടർന്നു തകര്‍ന്ന റോഡ് വാട്ടര്‍ അഥോറിറ്റി ഒന്നുകൂടി തകര്‍ത്തു. ഇപ്പോള്‍ തിരക്കുപിടിച്ച റോഡില്‍ വാഹനയാത്ര ദുഷ്കരം.
നാലാഞ്ചിറ ഉദിയന്നൂര്‍ ക്ഷേത്രം റോഡിനാണ് ഈ ദുര്‍ഗതി. 400 മീറ്ററോളം നീളുന്നതാണ് ഉദിയന്നൂര്‍ ക്ഷേത്രം റോഡ്. രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഒഴികെ ഇവിടെ രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്കാണ്. മുക്കോലയ്ക്കലിനെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഉദിയന്നൂര്‍ ക്ഷേത്രം റോഡ്. ഇതുവഴി കടന്നുപോകുന്ന പിവിസി ലൈനില്‍ ചോര്‍ച്ചയുണ്ടായതോടെയാണ് വാട്ടര്‍ അഥോറിറ്റി അറ്റകുറ്റപ്പണി ആരംഭിച്ചത്.
വീണ്ടും പൈപ്പ് പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ റോഡ് മണ്ണിട്ടുമൂടിയശേഷം ഓലയുടെ ഉണങ്ങിയ കീറുകള്‍ കുഴിയില്‍ നാട്ടി. രാത്രികാലങ്ങളില്‍ കാറുകള്‍ ഉള്‍പ്പെടെ ഇതുവഴി എത്തിപ്പെട്ട് കുഴിയില്‍ വീണാല്‍ പിന്നീട് തിരികെ കയറാന്‍ സാധിക്കുകയില്ല.
സ്കൂളിലേക്കു പോകുന്ന വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍, സ്കൂള്‍ ബസ്സുകള്‍, സ്വകാര്യ കാറുകള്‍, ടൂ വീലറുകള്‍ എന്നിവ കൊണ്ട് കുരുക്കിലകപ്പെടുന്ന റോഡാണ് ഉദിയന്നൂര്‍ ക്ഷേത്രം റോഡ്. പൈപ്പ് പൊട്ടി റോഡ് തകര്‍ന്നതും അറ്റകുറ്റപ്പണി നടത്തി ഗതാഗതതടസം സൃഷ്ടിച്ചതും അധികൃതരുടെ കെടുകാര്യസ്ഥതയാണെന്നും പൈപ്പിന്റെ പ്രശ്നം കണ്ടുപിടിച്ച് ശാശ്വത പരിഹാരം കണ്ടെത്തിയശേഷം കുഴി പൂര്‍ണമായി മൂടി കോണ്‍ക്രീറ്റ് ചെയ്യണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.
District News
വിഴിഞ്ഞം: നിർമാണ പ്രവർത്തനത്തിനായി സ്വകാര്യവ്യക്തി മണ്ണെടുത്തതു ക്ഷേത്രത്തിനു ഭീഷണിയെന്നു പരാതി. തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന പുരാവസ്തു വകുപ്പും സംരക്ഷിച്ചുവരുന്ന അതിപുരാതനമായ വിഴിഞ്ഞം ശ്രീഭഗവതിക്ഷേത്രത്തിനാണു ഭീഷണിനേരിടുന്നതെന്നാണ് പരാതി.
ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുനിന്ന് അനധികൃതമായി മണ്ണെടുത്തതാണ് ഇപ്പോൾ അപകടസ്ഥയ്ക്ക് കാരണമായത്. അധികൃതരുടെ അനുമതിയില്ലാതെ അവധി ദിവസങ്ങളിൽ ജെസിബി ഉപയോഗിച്ച് ക്ഷേത്രത്തിനു സമീപം സ്വകാര്യവ്യക്തി രണ്ടരയടിയോളം താഴ്ച്ചയിലാ ണു മണ്ണുനീക്കം ചെയ്തത്. തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള വിഴിഞ്ഞം വാർഡിൽ തുറമുഖത്തിനു സമീപം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ഈ ക്ഷേത്രം ചോള രാജാക്കൻമാരുടെ കാലഘട്ടത്തിൽ നിർമിക്കപ്പെട്ടതാണ്.
പുരാവസ്തു സാങ്കേതിക പുരാവിശിഷ്ട ആക്ട് പ്രകാരം സംരക്ഷിത പ്രദേശത്തിൽനിന്നും മണ്ണു നീക്കം ചെയ്യാൻ പാടില്ല. എന്തെങ്കിലും നിർമാണ പ്രവർത്തനം നടത്തണമെങ്കിൽ പുരാവസ്തുവിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ നിലനിൽക്കെയാണ് മണ്ണെടുക്കൽ. മതിലിടിഞ്ഞു ക്ഷേത്രം നിലംപതിക്കാൻ സാധ്യതയുണ്ടെന്നു ഭാരവാഹികൾ മേയർ വി.വി. രാജേഷിനു നൽകിയ പരാതിയിലും പറയുന്നു.
ഭക്തജനങ്ങൾക്കു ക്ഷേത്രദർശനം നടത്താൻ പറ്റാത്ത സ്ഥിതിയുമുണ്ട്. ഇത്തരം പ്രവൃത്തികൾ തടയണമെന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക സ്മാരകം സംരക്ഷിക്കണമെന്നും ക്ഷേത്ര ഉപദേശക സമിതി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
District News
നെയ്യാറ്റിന്‍കര: പാതയോരത്തെ മിനി എംസിഎഫിനുചുറ്റും കാടും പടലവും. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് ആശങ്ക. പാറശാല പഞ്ചായത്തിലെ ഇടിച്ചക്കപ്ലാമൂട് വാര്‍ഡിലെ മിനി മെറ്റീരിയല്‍ കളക്ഷൻ ഫെസിലിറ്റി യൂണിറ്റ് ഇടിച്ചക്കപ്ലാമൂടിനു സമീപത്താണ് സ്ഥാപിച്ചിട്ടുള്ളത്.
വാര്‍ഡില്‍നിന്നും ശേഖരിക്കുന്ന പാഴ്വസ്തുക്കള് ഈ യൂണിറ്റില്‍ നിറയ്ക്കും. ഇവിടുന്ന് പിന്നീട് റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര് ആര് എഫ്) യിലേയ്ക്ക് മാറ്റും. അതേ സമയം, മിനി എംസിഎഫില്‍ അടുക്കി വച്ചിരിക്കുന്ന ചാക്കുകെട്ടുകള്‍ നീക്കം ചെയ്യാന്‍ വരുന്നവര്‍ക്ക് മുതല്‍ അതുവഴി കാല്‍നടയായി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കുവരെ തലവേദനയായിരിക്കുന്നത് കാടുപിടിച്ച പരിസരമാണ്.
നന്നായി വളര്‍ന്നു പിടിച്ച പുല്‍ച്ചെടികള്‍ക്കിടയില്‍ ഇഴജന്തുക്കളുടെ സാന്നിധ്യമുണ്ടായാലും അറിയാനാകില്ലായെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. മഴക്കാല പൂര്‍വ ശുചീകരണ പദ്ധതിയിലോ സ്കൂള്‍ അധ്യയനത്തിനുമുന്പ് പാതയോരം വൃത്തിയാക്കുന്ന പ്രവൃത്തിയുടെ ഭാഗമായോ ഈ കാടും പടര്‍പ്പും വെട്ടിത്തെളിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.
District News
നേമം: കരമന - കളിയിക്കാവിള ദേശീയ പാതയിൽ പാപ്പനംകോട് ജംഗ്ഷനിൽ സീബ്രാ ലൈനുകൾ ഉണ്ടെങ്കിലും ഇത് മാഞ്ഞ് പോയിട്ട് മാസങ്ങളായി. ഇതുമുലം റോഡ് മുറിച്ചു കടക്കാനാക തെ കാൽനടയാത്രക്കാർ ബുദ്ധിമുട്ടുന്നു. പല സീബ്രാ ലൈനുകളും പൂർണമായും ഇല്ലാത്ത അവസ്ഥയാണ്. ദേശീയ പാതയിൽ പല സിഗ്നൽ ലൈറ്റുകളും തെളിയുന്നില്ല. സിഗ്നലുകൾ തെറ്റിച്ച് ഇരുചക്രവാഹനങ്ങൾ പായുകയാണ്. ഇതുമൂലം റോഡ് മുറിച്ചു കടക്കുന്നവർക്ക് അപകടം സംഭ വിക്കുന്നതും പതിവായി.
ജംഗ്ഷനിൽ ബസ് ഇറങ്ങി വിശ്വംഭരൻ റോഡിലേക്കു പോകുന്നതിനായി റോഡ് മുറിച്ചു കടക്കുന്ന കാൽനടയാത്രക്കാർ മിക്ക ദിവസവും അപകടത്തിൽപ്പെടുന്നുണ്ട്. രണ്ടായിരത്തിലെ റെകുടുംബങ്ങൾ താമസിക്കുന്ന വിശ്വംഭരൻറോഡിൽ നിരവധി റസിഡന്റ്സ് അസോസിയേഷനുകളും പ്രവർത്തിക്കുന്നുണ്ട്. വിഷയം നിരവധി തവണ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അധികൃതർ വേണ്ടത്ര നടപടികൾ സ്വീകരിക്കാത്തതിൽ പരാതി വ്യാപകമാണ്.
ജംഗ്ഷനിൽ അടുത്തടുത്തായി രണ്ടിടത്താണ് തുറന്ന മീഡിയനുകളുള്ളത്. മലയിൻകീഴ് റോഡിൽനിന്നും പാപ്പനംകോട്ടേക്കെത്തി ചേരുന്നിടത്തും ബസ്കൾ തിരിഞ്ഞുകയറുന്നതിനും ഇറങ്ങുന്നതിനുമായി കെഎസ് ആർടിസി ഡിപ്പോക്കു മുന്നിലുമാണ് തുറന്ന മീഡിയനുള്ളത്. ഇതിൽ മലയിൻകീഴ് റോഡിൽ നിന്ന് പാപ്പനംകോട്ടെത്തിച്ചേരുന്നിടത്തു മാത്രമേ സിഗ്നൽ ലൈറ്റുകളുള്ളൂ.
ബസ് കാത്തിരിപ്പ് കേന്ദ്രവും വിശ്വംഭരൻ റോഡ് വഴി പോകുന്ന കാൽനടയാത്രക്കാരും കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിലെ സീബ്രാ ലൈനാണ് ഉപയോഗിക്കുന്നത്. തിരക്കേറിയ ഇവിടെ പല ദിവസങ്ങളി ലും ഡ്യൂട്ടിക്കായി പോലീസ് എത്തുന്നില്ലന്നും പരാതിയുണ്ട്. രാത്രി ഒന്പതുവരെ പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് പോലിസി നെ ഡ്യൂട്ടിക്കു നിയോഗിക്കുന്ന തിനു ആവശ്യമായ നടപടികൾ വേണമെന്നും ആവശ്യമുണ്ട്.
District News
തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ പല സ്ഥലങ്ങളിലും വ്യാപകമായി അനധികൃത നിർമാണങ്ങൾ നടക്കുന്നുണ്ടെന്നും അങ്ങനെ നിർമിച്ചിട്ടുള്ളവർ തന്നെ അവ പൊളിച്ചു മാറ്റണമെന്നും മേയർ വി.വി. രാജേഷ്. അനധികൃത നിർമാണങ്ങൾ പൊളിച്ചു മാറ്റുന്ന നടപടികൾ ഇനിയും തുടരുമെന്നും വി.വി. രാജേഷ് വ്യക്തമാക്കി.
പാളയം മാർക്കറ്റിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റിയ പശ്ചാത്തലത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്. പാളയം മാർക്കറ്റിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മാർക്കറ്റിൽ സന്ദർശനം നടത്തിയത്. മാർക്കറ്റ് സന്ദർശിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട നിരവധി കാര്യങ്ങളുണ്ട്.
സ്മാർട്ട് സിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കടമുറികളിൽ വായു സഞ്ചാരത്തിനുള്ള ജനലുകളോ എയർ ഹോളുകളോ ഇല്ലാത്തതു കാരണം കച്ചവടം നടത്താൻ കഴിയില്ല. മൂന്നു നിലകളിൽ നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ ആളുകൾ കയറാൻ മടിക്കുന്നു. തലസ്ഥാനത്തിന്റെ കണ്ണായ സ്ഥലത്ത് കോടി കണക്കിനു രൂപ മുടക്കി നിർമിച്ച കടമുറികളിൽ നൂറിലേറെ കടമുറികൾ ഒഴിഞ്ഞു കിടക്കുകയാണ്. മൂന്നുനില കെട്ടിടത്തിലേക്ക് കയറാൻ നിർമിച്ചിരിക്കുന്ന കോണിപ്പടിക്ക് മുന്നിൽ ചിലർ അനധികൃത കടമുറികൾ നിർമിച്ച് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.
ദിവസം ആയിരവും രണ്ടായിരവും രൂപയാണ് വാടകയായി ഈടാക്കുന്നത്. അവിടെ നിയമവിരുദ്ധമായി മാംസകച്ചവടവും മറ്റു കച്ചവടങ്ങളും നടത്തുകയാണ്. കഴിഞ്ഞ ദിവസം വീണ്ടും ചേർന്ന ഭരണസമിതിയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുൾപ്പടെയുള്ളവരുടെ യോഗത്തിലാണ് അനധികൃതമായ നിർമാണ പ്രവർത്തനങ്ങൾ പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്.
രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ അനധികൃത നിർമാണമെന്ന് കോർപറേഷനു ബോധ്യമായ നിർമാണങ്ങളാണ് പൊളിച്ചു നീക്കിയത്. വരുംദിവ സങ്ങളിൽ കൂടുതൽ രേഖകൾ പരിശോധിച്ച് അനധികൃതമായി നടത്തിയ നിർമാണങ്ങളെല്ലാം പൊളിച്ചു മാറ്റുമെന്നും മേയർ വി.വി. രാജേഷ് കൂട്ടിച്ചേർത്തു.
District News
തിരുവനന്തപുരം: ആശുപത്രികൾ ജനങ്ങളെ രോഗമുക്തരാക്കേണ്ട ഇടമാണെന്നും എന്നാൽ പലപ്പോഴും രോഗം പകരുന്ന കേന്ദ്രങ്ങളായി മാറുകയാണെന്നും ഇതിന് അടിയന്തര പരിഹാരം ഉണ്ടാകേണ്ടതാണെന്നും മന്ത്രി കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.
ടെറുമോ പെൺപോൾ എംപ്ലോയീസ് കോൺഗ്രസ് 29-ാമത് വാർഷിക സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ ജനറൽ സെക്രട്ടറി വി.ജെ. ജോസഫ് അദ്ധ്യക്ഷനായി. എം.ആർ. ബൈജു എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ വിവിധമേഖലകളിൽ സേവനമനുഷ്ഠിച്ചവരെ ആദരിച്ചു.
മെഡിക്കൽ കോളജിലെ ജീവനക്കാരിയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മികവുറ്റ സംഭാവനകൾ നൽകുകയും ചെയ്യുന്ന നിരവധി പുരസ്കാരങ്ങൾക്ക് അർഹയായ ഷാനിബാ ബീവിയേയും സിവിൽ സർവീസ് പരീക്ഷയിൽ 451-ാമത് റാങ്ക് നേടിയ അതിഥി കൃഷ്ണദേവിനേയും ചടങ്ങിൽ ആദരിച്ചു.
എസ്. ഷംസുദ്ദീൻ താന്നിമൂട്, എ. ജോർജുകുട്ടി, എ. ഷെമീർ, എ.കെ. അനൂപ്, വി.എസ്. വിനു, എസ്. ഉണ്ണികൃഷ്ണൻ, ഡി.എസ്. ഷാജു തുടങ്ങിയവർ ചടങ്ങി ൽ പ്രസംഗിച്ചു.
നഗരത്തിൽ മാലിന്യസംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കും: മന്ത്രി
തിരുവനന്തപുരം : കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും നഗരസഭയുടെയും സഹകരണത്തോടെ തിരുവനന്തപുരം നഗരത്തിൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
കണ്ണമ്മൂല വാര്‍ഡിൽ ഒരു കിലോമീറ്റര്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങളും മാലിന്യക്കെട്ടുകള്‍ വലിച്ചെറിയുന്നതും നിയന്ത്രിക്കാന്‍ നഗരസഭ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ പാറ്റൂര്‍ രാധാകൃഷ്ണന് മുന്‍കൈയെടുത്ത് സ്ഥാപിച്ച 17 സിസിടിവി കാമറകളുടെ സ്വിച്ച് ഓൺ നിർവഹിക്കുകയായിരുന്നു മന്ത്രി. വാര്‍ഡിന്റെ മധ്യത്തിലൂടെ ഒഴുകുന്ന പട്ടം തോട്ടിലെ മാലിന്യ നിക്ഷേപം കാരണം ഈ പ്രദേശം ദുര്‍ഗന്ധം നിറഞ്ഞതായിരുന്നു. പകര്‍ച്ചവ്യാധികളും ഉണ്ടായിരുന്നു. മാംസാവശിഷ്ടം ഉള്‍പ്പെടെ നൂറുകണക്കിനു മാലിന്യക്കെട്ടുകളാണ് ദിവസേന ഈ തോട്ടില്‍ നിക്ഷേപിക്കപ്പെടുന്നത്.
ഗൗരീശപട്ടം മഹാദേവക്ഷേത്രം മുതല്‍ ‘എസ്’ മുടുക്കുവഴി സ്വാതി നഗര്‍ വരെ നിരീക്ഷിക്കാവുന്ന തരത്തില്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ 17 ഹൈ റെസല്യൂഷന്‍ നൈറ്റ് വിഷന്‍ കാമറകളാണ് സ്ഥാപിച്ചത്. സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ടാണ് ഇതിനായി വിനിയോഗിച്ചിട്ടുള്ളത്.
ക്ഷേത്രത്തിലേക്കുള്ള വഴി ഇതോടെ മാലിന്യമുക്തമാകും. ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്മാന് പാറ്റൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ മേയര്‍ വി.വി. രാജേഷ് മുഖ്യാതിഥിയായി. ജിആർഎ പ്രസിഡന്റ് മോഹൻ വർഗീസ്, സെക്രട്ടറി കെ. രാധാകൃഷ്ണൻ, എസ്ആർഎ പ്രസിഡന്റ് മഞ്ഞപ്പാറ റഷീദ്, പി. മധുസൂദനൻ എന്നിവരും പ്രസംഗിച്ചു.
District News
നെയ്യാറ്റിന്‍കര : ജൈവകൃഷിയുടെ പാതയാണ് ഉച്ചക്കട കുളത്തൂര്‍ ഭഗവതിവിള വീട്ടില്‍ മോഹനന് ഇക്കാലമത്രയും സ്വീകരിച്ചിട്ടുള്ളത്. നെല്ല് മുതല്‍ പച്ചക്കറി വരെ എല്ലാ കാര്‍ഷിക വിളവുകളിലും ജൈവകൃഷിരീതി അവലംബിക്കുന്ന മോഹനന് വിഷരഹിത ഭക്ഷ്യലോകം യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ്.
കര്‍ഷക കുടുംബാംഗമായ മോഹനന് പുതുവല്‍, ഉള്ളൂര്‍ക്കോണം എന്നിവിടങ്ങളിലാണ് കൃഷി ചെയ്യുന്നത്. സ്വന്തം കൃഷി ഭൂമിയിലും പാട്ടത്തിനെടുത്ത വയലിലും കൃഷിയുണ്ട്. നാലര പതിറ്റാണ്ടിലേറെയായി കൃഷിയാണ് ഉപജീവന മാര്‍ഗം. നിലവില്‍ 15 ഏക്കറോളം സ്ഥലത്ത് വിവിധയിനം പച്ചക്കറികളും വാഴയും മരച്ചീനിയും പൈനാപ്പിളും കൃഷി ചെയ്തിരിക്കുന്നു. വേനലില്‍ ജലലഭ്യത കുറവായപ്പോള്‍ പച്ചക്കറിക്ക് നേരിയ മങ്ങലേറ്റു. തണ്ണിമത്തന് ഇക്കുറിയും മികച്ച വിളവ് ലഭിച്ചതായി മോഹനന് പറഞ്ഞു.
ജൈവകൃഷിവിധിപ്രകാരമാണ് പൈനാപ്പിളും കൃഷി ചെയ്യുന്നത്. നീര്വാര്ച്ചയുള്ളയിടമാണ് പൈനാപ്പിളിന് ഏറെ അനുകൂലം. മണ്ണു നന്നായൊരുക്കിയതിനു ശേഷമാണ് പൈനാപ്പിള്‍ നടുന്നത്. ഒരുതവണ നട്ടാല്‍ പല പ്രാവശ്യം വിളവെടുക്കാം എന്നൊരു പ്രത്യേകതയുമുണ്ട്. ആദ്യം നടുന്പോള്‍ വിളവെടുക്കാന്‍ ഒരു വര്‍ഷത്തോളം സമയം വേണ്ടിവരും. പിന്നീടുള്ള വിളവുകള്‍ എട്ടോ- ഒന്‍പതോ മാസത്തിനകം ലഭ്യമാകും. പൂര്‍ണമായും ജൈവവളമാണ് പ്രയോഗിക്കുന്നത്.
ചാണകം, കോഴിക്കാരം, പച്ചിലവളം എന്നിവയും ഉപയോഗിക്കാറുണ്ട്. വീട്ടില്‍ പശുവും ആടും കോഴിയുമുള്ളതിനാല് ജൈവവളത്തിനും പ്രയാസമില്ല. ഒന്നര ഏക്കറിലാണ് പൈനാപ്പിള്‍ കൃഷി ചെയ്തിട്ടുള്ളത്. മോഹനന്റെ ദിനചര്യയില്‍ കൃഷിയും മൃഗപരിപാലനവുമെല്ലാം ഉള്‍പ്പെടുന്നു. ഭാര്യ ബീനയും കാര്‍ഷികവൃത്തിയില്‍ സഹായിക്കാറുണ്ടെന്നു മോഹനന് പറഞ്ഞു. മകനും മകളും കൃഷിയില്‍ തത്പരരാണ്.
District News
പേരൂർക്കട: തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ യുവാവിന്റെ കൈവശമുണ്ടായിരുന്ന ബാഗ് അബദ്ധത്തിൽ ആമയിഴഞ്ചാൻ തോട്ടിൽ വീണു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കണ്ടെത്തി നൽകി. പേട്ട സ്വദേശി ജയകൃഷ്ണന്റെ (39) ബാഗ് ആണ് തോട്ടിൽ വീണത്.
ഇന്നലെ രാത്രി പത്തോടെ യായിരുന്നു സംഭവം. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങിയശേഷം കോണിപ്പടികൾ കയറി അഞ്ചാമത്തെ പ്ലാറ്റ്ഫോം കടന്ന് റോഡിൽ ഇറങ്ങിയപ്പോഴാണ് ബാഗ് അബദ്ധത്തിൽ കൈയിൽനിന്ന് തോട്ടിലേക്ക് വീണത്. ബാഗിനുള്ളിൽ ലാപ്ടോപ്പ് ഉൾപ്പെടെ ഉണ്ടായിരുന്നു.
യുവാവ് വിവരം തമ്പാനൂർ പോലീസിൽ അറിയിക്കുകയും തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രമോദ്, ഫയർ ആൻഡ് റെസ് ക്യൂ ഓഫീസർമാരായ ഷഹീർ, അനീഷ്, സാജൻ സൈമൺ, ഐശ്വര്യ രാജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ബിജു എന്നിവർ ഉൾപ്പെട്ട സംഘം സ്ഥലത്തെത്തുകയും തോട്ടിൽനിന്ന് ബാഗ് കണ്ടെത്തി നൽകുകയുമായിരുന്നു.
ലാപ്ടോപ്പ് അടങ്ങിയ ബാഗ് തിരികെ കിട്ടിയതിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ ശേഷമാണ് ജയകൃഷ്ണൻ വീട്ടിലേക്ക് മടങ്ങിയത്
District News
നെയ്യാർഡാം : നെയ്യാറിന്റെ കരയിടിയുന്നു. ആശങ്കയും ഭീതിയുമായി നിവാസികളും.
നെയ്യാറിന്റെ കള്ളിക്കാട്, കാട്ടാക്കട ഭാഗങ്ങളിലാണ് വൻ തോതിൽ കരയിടിയുന്നത്. രണ്ടുവർഷം മുമ്പുണ്ടായ പേമാരിയിലാണ് ആദ്യമായി വലിയ തോതിൽ മണ്ണിടിഞ്ഞത്. പിന്നീട് അതിന്റെ തുടർച്ചയുണ്ടായി. നെയ്യാർ കടന്നുപോകുന്നയിവിടെ കൃഷിഭൂമികൾ ഇടിഞ്ഞു താഴുന്നത് പതിവാണ്. അടുത്തുള്ള വീടുകളും അപകടഭീഷണി നേരിടുകയാണ്. ഈ പ്രദേശത്തെ 50 ഓളം വീടുകൾ ഭീഷണിയിലാണ്.
കഴിഞ്ഞ മഴയിൽ ഇരമ്പിയാർത്തുവന്ന വെള്ളം ഏതാണ്ട് ഒരു കിലോമീറ്റർ ദൂരത്തിൽ കരകളെ വിഴുങ്ങി. തെങ്ങുകളും കരയിൽ നിന്നിരുന്ന മുളങ്കൂട്ടവും വെള്ളത്തിൽ മുങ്ങുന്ന നിലയാണ്. മാത്രമല്ല ഇടിയാൻ പാകത്തിൽ നിൽക്കുന്ന കൃ ഷി ഭൂമികളും ഇവിടുള്ളവരുടെ ആശങ്ക വർധിപ്പിക്കുകയാണ്. ആറ്റിലെ ശക്തമായ ഒഴുക്കിൽ ശോഭനയുടെ 18 സെന്റ് ഭൂമിയിലെ 13 സെന്റും ഇടിഞ്ഞു നെയ്യാറിലേക്കു പതിച്ച അവസ്ഥയാണ്. ഇതേ അവസ്ഥ തന്നെയാണ് നിവാസികളുടേതും.
മഴ ഒന്നു കനത്താൽ മതി, നദി തങ്ങളുടെ കരകളും കൊണ്ടു പോകുമെന്നതാണ് അവസ്ഥ. നദിയുടെ ഇരുവശത്തുമുള്ള കൈതകളും മുളകളും പാടേ ഇല്ലാതെയായി. അവ നട്ടുപിടിപ്പിക്കുന്ന പദ്ധതിയും എല്ലാവരും ഉപേക്ഷിച്ചു. അതിനാൽ തന്നെ മഴവെള്ളം വന്നാൽ അതു തടഞ്ഞുനിറുത്താൻ കഴിയുന്നില്ല. ഈ നദികളിൽ നിരവധി കുടിവെള്ള പദ്ധതികളാണുള്ളത്. നദികളിൽ തന്നെ വെള്ളം സംഭരിച്ചു നിറുത്താനുള്ള ശേഷി ഇപ്പോഴില്ല.
നെയ്യാർ കടന്നുപോകുന്ന ഭാഗങ്ങളിൽ സംരക്ഷണഭിത്തി കെട്ടണമെന്ന ആവശ്യം ഇതേ വരെ അംഗീകരിച്ചിട്ടില്ല.
നെയ്യാർ ഒഴുകുന്നതിൽനിന്ന് 18 മീറ്ററോളം ഉയരമുള്ളതാണ് ഇവിടം. അതിനാൽ നെയ്യാറിന്റെ നിരപ്പിൽനിന്ന് 10 മീറ്ററോളം പൊക്കത്തിൽ സംരക്ഷണഭിത്തി കെട്ടിയാൽ മണ്ണൊലിപ്പ് തടഞ്ഞു നദിയേയും ഭൂമിയേയും സംരക്ഷിക്കാൻ കഴിയുമെന്നും കാണിച്ച് പഞ്ചായത്ത് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് അനുസരിച്ച് പ്രദേശത്ത് സംരക്ഷണഭിത്തി നിർമിക്കാൻ ജലസേചനവകുപ്പിന് നിർദേശം നൽകി.
2022 ൽ സംരക്ഷണ ഭിത്തി നിർമിക്കാൻ ജലസേചനവകുപ്പ് 48 ലക്ഷം രൂപയുടെ അടങ്കൽ സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു.